ആഷസ് പരമ്പരയിലേക്ക് സ്മിത്ത് ഇറങ്ങി വന്നത് കൂവലുകളുടെ നടുവിലൂടെയായിരുന്നു. എന്നാല്‍ തിരിച്ചു കയറിയത് നിലയ്ക്കാത്ത കൈയ്യടികള്‍ക്ക് ഇടയിലൂടെയായിരുന്നു. പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം 23 റണ്‍സെടുത്താണ് സ്മിത്ത് പുറത്തായത്. ഈ സീരിസില്‍ സ്മിത്തിന്റെ ഏറ്റവും കുറഞ്ഞ സ്കോര്‍, പരമ്പരയില്‍ അര്‍ധ സെഞ്ചുറി നേടാതെ പുറത്താകുന്നത് ഇതാദ്യം.
ഏഴ് ഇന്നിങ്സുകളില്‍ നിന്നും 774 റണ്‍സുമായാണ് സ്മിത്ത് പരമ്പര അവസാനിപ്പിച്ചത്. 110.57 ആണ് ആവറേജ്. 144,142,92,211,92,80,23 എന്നിങ്ങനെയാണ് ഏഴ് ഇന്നിങ്സുകളിലേയും സ്മിത്തിന്റെ സ്കോര്‍.
പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു കൊല്ലം പുറത്തിരുന്ന സ്മിത്തിനായി കാലം കരുതി വച്ചതായിരുന്നു ഈ ആഷസ് പരമ്പര. തന്റെ തന്നെ കൈയ്യിലിരുപ്പ് കൊണ്ട് നഷ്ടപ്പെടുത്തിയതെല്ലാം സ്വന്തം പ്രതിഭ കൊണ്ടു തന്നെ സ്മിത്ത് തിരികെ പിടിച്ചിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ചാരത്തില്‍ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ സ്മിത്ത് ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ചതിയനെന്ന് വിളിച്ചവര്‍ തന്നെ സ്മിത്തിന്റെ പേര് ചേര്‍ത്തു വയ്ക്കുന്നത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനൊപ്പമാണ്.
ആഷസ് പരമ്പരയിലെ ഐതിഹാസിക പ്രകടനങ്ങളിലൂടെ സ്മിത്ത് തിരുത്തി കുറിച്ച റെക്കോര്‍ഡുകള്‍ കാണാം,
#1994 ന് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് സ്മിത്തിന്റെ 774. 25 കൊല്ലം മുമ്പ് ബ്രയാന്‍ ലാറ നേടിയ 778 ആണ് മുന്നിലുള്ളത്. ഈ നൂറ്റാണ്ടില്‍ ഒരു പരമ്പരയില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സിന്റെ റെക്കോര്‍ഡ് നേരത്തേയും സ്മിത്തിന്റെ പേരില്‍ തന്നെയായിരുന്നു. 2014-15 പരമ്പരയില്‍ ഇന്ത്യയ്ക്കെതിരെ സ്മിത്ത് 769 റണ്‍സ് നേടിയിരുന്നു.
#ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി 10 തവണ 50 ല്‍ പരം റണ്‍സ് നേടുന്ന ആദ്യ താരവുമായി മാറി സ്മിത്ത്. ലോകത്ത് മറ്റൊരു ടീമിനെതിരേയും ആരും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. നേരത്തെ ഇന്‍സമാം ഉള് ഹഖ് ഇംഗ്ലണ്ടിനെതിരെ 9 തവണ 50+ നേടിയിരുന്നു.
#ആഷസ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമാണ് സ്മിത്ത്. 1989 ന് ശേഷം ഇത്രയും റണ്‍സ് ആഷസില്‍ നേടുന്ന ആദ്യ താരവും. 1930 ല്‍ ബ്രാഡ്മാന് നേടിയ 974 ആണ് ഇന്നും ഒന്നാമത്. പിന്നാലെ 1928-29 ല്‍ വാല്ലി ഹാമ്മണ്ട് നേടിയ 905, 1989 ല്‍ മാര്‍ക്ക് ടെയ്ലര് നേടിയ 839, 1936-37 ല്‍ ബ്രാഡ്മാന്റെ തന്നെ 810 എന്നിവയാണ് സ്മിത്തിന് മുന്നിലുള്ളത്.
#ഒരു പരമ്പരയില്‍ 700 ലധികം റണ്‍സ് നേടുക എന്ന നേട്ടം ഒന്നിലധികം തവണ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലും സ്മിത്ത് ഇടം കണ്ടെത്തി. ഡോണ്‍ ബ്രാഡ്മാന്, സുനില്‍ ഗവാസ്കര്‍, ബ്രയാന്‍ ലാറ, എവര്ട്ടണ് വീക്ക്സ്, ഗാരി സോബേഴ്സ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍.
# മറ്റൊരു രസകരമായ വസ്തുത, ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന ടോട്ടല്‍ ഗവാസ്കറുടെ 774 റണ്‍സാണ്. 1971 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഗവാസ്കറുടെ പ്രകടനം. സ്മിത്തും ഗവാസ്കര്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോ ടെസ്റ്റ് വീതം നഷ്ടപ്പെട്ടവരാണെന്നതും ശ്രദ്ധേയമാണ്.
പരുക്കിനെ തുടര്‍ന്ന് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു ടെസ്റ്റില്‍ സ്മിത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. മൂന്ന് ഇന്നിങ്സുകളാണ് പരുക്ക് മൂലം സ്മിത്തിന് ആഷസില്‍ നഷ്ടമായത്. കൂടാതെ 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടെസ്റ്റ് കളിക്കാന്‍ ഇറങ്ങിയതെന്നതും സ്മിത്തിന്റെ പ്രകടനത്തിന്റെ മാറ്റ് കൂട്ടുന്നു.