ലണ്ടൻ: ഫുട്ബോളിനോടുള്ള സ്നേഹം കൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്തിയ ബ്രാഡ്‌ലി ലൗറി മരണത്തിന് കീഴടങ്ങി. ഇംഗ്ലീഷ് പ്രമിയർ ലീഗിലെ സൺഡർലാൻഡ് ക്ലബിന്റെ കടുത്ത ആരാധകനായ ബ്രാഡ്‌ലി ക്യാൻസർ രോഗം ബാധിച്ചാണ് മരിച്ചത്. 2011 ൽ ജനിച്ച ബ്രാഡ്‌ലിയുടെ ജീവീതം 2017 ജൂലൈ 7 വരെയെ നീണ്ട് നിന്നുള്ളു. ജനിച്ചപ്പോൾ തന്നെ ക്യാൻസർ ബാധിച്ച ബ്രാഡ്‌ലിക്ക് വിദഗ്ദ ചികിത്സ നൽകിയെങ്കിലും വിധി മറിച്ചായിരുന്നു. വെള്ളിയാഴ്ച രാവിലെ മാതാപിതാക്കളുടെ മടിയിൽ കിടന്ന് അവൻ മരണത്തിന് കീഴടങ്ങി.

ബ്രാഡ്‌ലിക്ക് ക്യാൻസർ രോഗം ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ അവന്റെ രക്ഷിതാക്കൻ അവന് ഇഷ്ടമുളളതെല്ലാം സാധിച്ചു നൽകി. കാൽപന്തുകളിയെ സ്നേഹിച്ച കുഞ്ഞിന് അവർ എല്ലാം നൽകി. ബ്രാഡ്‌ലിയുടെ ഫുട്ബോൾ സ്നേഹം തിരിച്ചറിഞ്ഞ സൺഡർലൻഡ് ക്ലബ് അവനെ തങ്ങളുടെ മൈതാനത്തേക്ക് കൊണ്ടുവന്നു. ചെൽസിക്ക് എതിരായ മത്സരത്തിൽ ടീമിന്റെ മാസ്ക്കോട്ടായി അവൻ മൈതാനത്തേക്ക് എത്തി. ഇംഗ്ലീഷ് ഫുട്ബോൾ താരം ജെമൈൻ ഡെഫോയുടെ കൈപിടിച്ചാണ് അവൻ മൈതാനത്തേക്ക് എത്തിയത്. നടന്നു മടുത്ത അവനെ ഡെഫോ തന്റെ ചുമലിലേറ്റി മൈതാനത്തേക്ക് കൊണ്ടു വന്നു. ആ കാഴ്ച ലോകത്തിന്റെ കണ്ണ് നിറച്ചു.

പിന്നീട് ജെമൈൻ ഡെഫോ ബ്രാഡ്‌ലിയുടെ ഉറ്റചങ്ങാതിയായി. ആഴ്ചയിൽ ഒരിക്കൽ ഡെഫോ ബ്രാഡ്‌ലിയെ കാണാൻ എത്തും, സമ്മാനങ്ങൾ നൽകും. ഇംഗ്ലണ്ടിന്റെ മത്സരത്തിലും ബ്രാഡ്‌ലിയെ മാസ്ക്കോട്ടായി കൊണ്ടു വന്നു. അന്ന് വെംബ്ലി മൈതാനത്തേക്ക് ഡെഫോയെ കെട്ടിപ്പിടിച്ച് വന്ന ബ്രാഡ്‌ലിയെ ഹർഷാരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ബ്രാഡ്‌ലിയുടെ നിഷ്കളങ്കമായ ചിരി ലോകത്തെ കീഴടക്കി. ബ്രാഡ്‌ലിയുടെ മരണ വാർത്തയറിഞ്ഞ ബ്രിട്ടൺ ആ കുഞ്ഞിനായി പ്രാർഥിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ