വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ താരങ്ങളെ ഉൾപ്പെടുത്തി മികച്ച ഒരു ടീമിനെ തിരഞ്ഞെടുക്കുക എന്നത് കുറച്ച് നാളുകളായി ക്രിക്കറ്റ് ലോകത്തെ ട്രെൻഡാണ്. അത്തരത്തിലൊരു തിരഞ്ഞെടുപ്പ് മാത്രമാണ് മുൻ ഓസിസ് താരം ബ്രാഡ് ഹോഗ്ഗ് നടത്തിയത്. നിലവിൽ കളിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തി ഒരു ടെസ്റ്റ് ടീം. എന്നാൽ ഇത് വലിയ ചർച്ചയ്ക്ക് തന്നെ വഴിവച്ചു. കാരണം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ഒഴിവാക്കിയാണ് ഹോഗ്ഗ് ടീമിനെ പ്രഖ്യാപിച്ചത്.
പാക്കിസ്ഥാൻ താരം ബാബർ അസമിനെ ഉൾപ്പെടുത്തിയാണ് ഹോഗ്ഗ് വിരാട് കോഹ്ലിയെ മാറ്റിനിർത്തിയത്. ബാബർ അസമിനെ ഉൾപ്പെടുത്താനും വിരാട് കോഹ്ലിയെ പുറത്തിരുത്താനും വ്യക്തമായ കാരണവും ഹോഗ്ഗ് പറയുന്നു.
Read More: രോഹിത് ധോണിയെപ്പോലെ, കോഹ്ലിയിൽ നിന്ന് തീർത്തും വ്യത്യസ്തൻ: സുരേഷ് റെയ്ന
ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബെയ്നിൽ നേടിയ സെഞ്ചുറി ചൂണ്ടിക്കാട്ടിയാണ് ബാബർ അസമിന്റെ മികവ് അദ്ദേഹം വ്യക്തമാക്കുന്നത്. ബ്രിസ്ബെയ്നിൽ ഒരു വിദേശ താരത്തിന് സെഞ്ചുറി നേടുക അത്ര എളുപ്പമല്ല. എന്നാൽ പാക് താരം അത് നേടിയെന്ന് ഹോഗ്ഗ് പറഞ്ഞു. അതേസമയം, കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിങ്സുകളിൽ നാലെണ്ണത്തിൽ മാത്രമാണ് വിരാട് കോഹ്ലിക്ക് 30 റൺസിൽ കൂടുതൽ നേടാൻ സാധിച്ചതെന്ന് ഹോഗ്ഗ് പറയുന്നു.
നാല് ഇന്ത്യൻ താരങ്ങളാണ് ഹോഗ്ഗിന്റെ ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. കിട്ടിയ അവസരങ്ങളെല്ലാം തിളങ്ങിയ മായങ്ക് അഗർവാളാണ് ഓപ്പണർ. ഒപ്പം ഇന്ത്യയുടെ തന്നെ വെടിക്കെട്ട് വീരൻ രോഹിത് ശർമ മറ്റൊരു ഓപ്പണറാകും. ഓസ്ട്രേലിയയുടെ യുവതാരം മാർനസ് ലബുഷെയ്ൻ മൂന്നാം നമ്പരിൽ ഇറങ്ങുമ്പോൾ നാലാമനായി സ്റ്റീവ് സ്മിത്ത് കളിക്കും. മധ്യനിരയിൽ ബാബർ അസമിനൊപ്പം ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രാഹനെയും പാഡേന്തും.
Read More: ദൈവത്തെയോർത്ത് ഞങ്ങളെ പോകാൻ അനുവദിക്കണം; ബിസിസിഐയോട് അഭ്യർത്ഥിച്ച് റോബിൻ ഉത്തപ്പ
നായകനും വിക്കറ്റ് കീപ്പറും ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡി കോക്ക്, ഓസിസ് താരം പാറ്റ് കമ്മിൻസ്, ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുമാണ് പേസ് സാന്നിധ്യം. നെയ്ൻ വാഗ്നർ, നഥാൻ ലിയോൺ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ.