ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചുപറ്റിയ താരങ്ങളിലൊരാൾ യുവതാരം റിഷഭ് പന്താണ്. ഒരു സമയം വലിയ വിമർശനങ്ങൾ നേരിട്ട ശേഷമാണ് തികച്ചും ഉത്തരവാദിത്വത്തോടെയുള്ള താരത്തിന്റെ മടങ്ങി വരവ്. ഓസട്രേലിയക്കെതിരായ ഏകദിന-ടി20 ടീമുകളിൽ പന്തിന് സ്ഥാനമുണ്ടായിരുന്നില്ല. ആദ്യ ടെസ്റ്റ് മത്സരത്തിലും പന്ത് പുറത്തിരുന്നു.
എന്നാൽ സിഡ്നിയിലെ നിർണായക സമനിലയിലും ബ്രിസ്ബെയ്നിലെ ചരിത്ര വിജയത്തിലും പന്തിന്റെ പങ്ക് വളരെ വലുതായിരുന്നു. ഈ സാഹചര്യത്തിൽ പന്തിനെ നിശ്ചിത ഓവർ ക്രിക്കറ്റിലും സ്ഥിരസാന്നിധ്യമാക്കണമെന്ന ആവശ്യവും ഉയർന്നുവരുന്നുണ്ട്. മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗും അതുതന്നെയാണ് പറയുന്നത്.
Also Read: ശാസ്ത്രിയുടെ ഉപദേശം അവഗണിച്ച് താക്കൂർ; ഡ്രിങ്ക്സ് ബ്രേക്കിനിടയിലെ നാടകീയ സംഭവങ്ങൾ
ഏറെക്കുറെ ശക്തമാണ് ഇന്ത്യയുടെ ഏകദിന-ടി20 പ്ലേയിങ് ഇലവൻ. എന്നിരുന്നാലും പന്തിനെ ടീമിലുൾപ്പെടുത്തേണ്ടതുണ്ടെന്ന് ഹോഗ് അഭിപ്രായപ്പെടുന്നു. മലയാളി താരം സഞ്ജു സാംസണിനെയോ ശ്രേയസ് അയ്യരെയോ ഒഴിവാക്കി പകരം പന്തിന് ടീമിലിടം നൽകണമെന്നാണ് ഓസ്ട്രേലിയയുടെ രണ്ട് ലോകകപ്പ് ജയങ്ങളുടെ ഭാഗമായ ഹോഗിന്റെ വാദം.
“ടെസ്റ്റ് പരമ്പരയിലെ രണ്ട് മാച്ച് വിന്നിങ് പ്രകടനത്തോടെ പന്ത് സ്വയം തെളിയിച്ചു. ഓസ്ട്രേലിയയിൽ അവർക്കെതിരെ അതിലും മികച്ചൊരു പ്രകടനം ഇന്ത്യയ്ക്ക് ലഭിക്കാനില്ല. അയ്യരുടെ സ്ഥാനത്ത് പന്തിനെ ഞാൻ നിർദേശിക്കും. ബാറ്റിങ് ഡെപ്തിലും ബോളിങ് ഡെപ്തിലും പന്തുണ്ടാകും. അതുകൊണ്ട് തന്നെ സഞ്ജുവിനോ ശ്രേയസിനോ പകരം പന്ത് മികച്ച ഓപ്ഷനാണ്,” ഹോഗ് പറഞ്ഞു.
Also Read: ആറ് ഇന്ത്യൻ താരങ്ങൾക്ക് എസ്യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര
ടെസ്റ്റ് ടീമിന്റെ സ്ഥിരം നായകനായി കോഹ്ലിക്ക് പകരം രഹാനെ എത്തുന്നതിനെക്കുറിച്ചും ഹോഗ് അഭിപ്രായപ്പെട്ടു. ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഇതേ ആവശ്യവുമായി രംഗത്തെത്തിയത്. പല ക്രിക്കറ്റ് വിദഗ്ധരും ഇതേ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നവരാണ്.
എന്നാൽ അങ്ങനെ ഒരു മാറ്റം ഇന്ത്യൻ ക്രിക്കറ്റിന്റെ സംസ്കാരത്തെ തന്നെ ഇല്ലാതാക്കുമെന്ന് ഹോഗ് പറഞ്ഞു. ക്യാപ്റ്റനായിരിക്കുമ്പോൾ കോഹ്ലി കൂടുതൽ മികച്ചതായി ബാറ്റ് ചെയ്യുന്നയാളാണെന്നും നായകസ്ഥാനം മാറിയാൽ അത് അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ തന്നെ ബാധിച്ചേക്കാമെന്നും ഹോഗ് കൂട്ടിച്ചേർത്തു.