ഓസ്ട്രേലിയക്കെതിര ഇന്ത്യ നേടിയ ഐതിഹാസിക ടെസ്റ്റ് വിജയം, ഇന്ത്യൻ യുവതാരങ്ങളുടെ ജയമായിട്ടാണ് ക്രിക്കറ്റ് ലോകം കാണുന്നത്. ടെസ്റ്റ് പരമ്പര നേട്ടത്തിലൂടെ ചില യുവ ക്രിക്കറ്റ് താരങ്ങളും ലോകശ്രദ്ധ നേടി. ഫാസ്റ്റ് ബോളർ മുഹമ്മദ് സിറാജ്, ഓപ്പണിങ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ എന്നീ താരങ്ങൾ മികവുറ്റ പ്രകടനമാണ് ഓസ്ട്രേലിയയിൽ പുറത്തെടുത്തത്.

യുവതാരങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ടെസ്റ്റ് അരങ്ങേറ്റക്കാരനായെത്തി രണ്ടു മത്സരങ്ങളിലൂടെ ഇന്ത്യയുടെ ബോളിങ് ആക്രമണത്തിന്റെ ലീഡറായി മാറാൻ സിറാജിനു കഴിഞ്ഞു. സിഡ്നി ഇന്നിങ്സിലെ 97 റൺസും ബ്രിസ്ബെയ്നിൽ പുറത്താകാതെ നേടിയ 89 റൺസിലൂടെയും ടീമിലെ അഭിവാജ്യഘടകമായി പന്ത് മാറി. വാഷിങ്ടൺ സുന്ദറും വളരെ മികച്ച രീതിയിൽ കളിച്ചു. പക്ഷേ ഇവരെക്കാളും മുൻ ഓസ്ട്രേലിയ സ്പിന്നറായ ബ്രാഡ് ഹോഗിന്റെ പ്രീതി നേടിയത് ഗില്ലാണ്. വരും മത്സരങ്ങളിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ ഗിൽ തന്റേതായ ഇടം കണ്ടെത്തുമെന്നാണ് ഹോഗ് കരുതുന്നത്.

Read More: ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഏതെങ്കിലും ടെസ്റ്റ് വിജയിക്കുമെന്ന് കരുതുന്നില്ല: ഗംഭീർ

”ക്രിക്കറ്റ് ഫോർമാറ്റിലെ എല്ലാവിധ ഷോട്ടുകളും കളിക്കാൻ കഴിവുളള താരമാണ് ഗിൽ. ഓസ്ട്രേലിയയിലെ ഗില്ലിന്റെ പ്രകടനം എന്നെ വളരെയേറെ ആകർഷിച്ചു. ഓസീസ് ബോളർമാർ നിരന്തരം ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞെങ്കിലും ഹുക്ക് ഷോട്ടുകളിലൂടെ ഗിൽ അതിനെ നേരിട്ടു. ഭാവിയിലെ ഇതിഹാസ താരമാണ് ഗിൽ. അടുത്ത പത്തുവർഷത്തിനകം ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ പോകുന്ന ഏറ്റവും മികച്ച ഓപ്പണറായിരിക്കും ശുഭ്മാൻ ഗിൽ,” തന്റെ യുട്യൂബ് ചാനലിൽ ഹോഗ് പറഞ്ഞു.

പൃഥ്വി ഷായ്ക്ക് പകരക്കാരനായാണ് 21 കാരനായ ശുഭ്മാൻ ഗിൽ ഇന്ത്യൻ ടീമിലെത്തിയത്. ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 259 റണ്‍സാണ് താരം നേടിയത്. ആദ്യ ഇന്നിങ്സിൽ 45 റൺസും രണ്ടാം ഇന്നിങ്സിൽ 35 റൺസും നേടി. സിഡ്നി മത്സരത്തിൽ ടെസ്റ്റ് കരിയറിലെ തന്റെ കന്നി അർധ സെഞ്ചുറി നേടി. ബ്രിസ്ബെയ്നിൽ ഇന്ത്യ ചരിത്ര ജയം നേടിയ മത്സരത്തിൽ 91 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook