ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരുക്കിനെ തുടർന്ന് നാലാം ടെസ്റ്റ് കളിക്കാതിരുന്ന വിരാട് കോഹ്‌ലിയുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്‌തുളള തന്റെ ആരോപണത്തിൽ ക്ഷമാപണവുമായി മുൻ ഓസീസ് താരം ബ്രാഡ് ഹോഡ്‌ജ്.

ഐപിഎല്ലിൽ ഗുജറാത്ത് ലയൺസിന്റെ പ്രധാന പരിശീലകനാണ് ബ്രാഡ് ഹോഡ്ജ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിരാട് കോഹ്‌ലിക്കെതിരെ നടത്തിയ പരമാർശത്തിന് അദ്ദേഹം ഇന്ത്യൻ നായകനോടും ആരാധകരോടും മാപ്പ് ചോദിച്ചത്. ഓസീസിനെതിരായ നാലാം ടെസ്റ്റിൽ കോഹ്‌ലി കളിക്കാതിരുന്നത് ഐപിഎൽ മത്സരങ്ങൾ ലക്ഷ്യമിട്ടു കൊണ്ടാണെന്ന ആരോപണമാണ് ഹോഡ്‌ജ് ഉന്നയിച്ചത്.

കോഹ്‌ലിയെ താൻ ബഹുമാനിക്കുന്നുവെന്നും തനിക്ക് ദുരുദ്ദേശ്യങ്ങൾ ഇല്ലായിരുന്നെന്നും ഹോഡ്‌ജ് ക്ഷമാപണത്തിൽ പറയുന്നു. ഒരു പ്രൊഫഷണൽ കായികതാരമെന്ന നിലയിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് ഫീൽഡിലിറങ്ങുന്നതിന്റെ വില എനിക്കറിയാം. ഒരു കായികതാരത്തിന് ചോദിക്കാവുന്ന ഏറ്റവും വലിയ ആദരമാണിത്. അത് മനസിൽ വെച്ച് കൊണ്ട് കോ‌ഹ്‌ലിക്കെതിരെ പറഞ്ഞ മുൻ അഭിപ്രായങ്ങൾക്ക് ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടും ക്രിക്കറ്റ് ആരാധകരോടും ഇന്ത്യയിലെ ജനങ്ങളോടും കോഹ്‌ലിയോടും ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കണമെന്നും വിമർശിക്കണമെന്നോ ഉദ്ദേശ്യമില്ലായിരുന്നു- ഹോഡ്‌ജ് കുറിപ്പിൽ പറയുന്നു.

brad hodge

ബ്രാഡ് ഹോഡ്‌ജ് ട്വിറ്ററിലിട്ട കുറിപ്പ്

നേരത്തെ ഫോക്‌സ് സ്‌പോർട്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഹോഡ്‌ജ് ഉന്നയിച്ചത്. “ടെസ്റ്റിൽ ഒരു മത്സരം നഷ്‌ടപ്പെടുത്തിയ ശേഷം അടുത്ത ആഴ്‌ചയിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ പ്രതിനിധീകരിച്ച് ഇറങ്ങുന്നത് മോശമായിരിക്കും. അതും ഓസ്ട്രേലിയക്കെതിരായ നിർണായകമായ ഒരു മത്സരം നഷ്‌ടപ്പെടുത്തിയ ശേഷം”- ഹോഡ്‌ജ് അഭിമുഖത്തിൽ പറഞ്ഞു.

ഹോഡ്‌ജിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യയിൽ ഉയർന്നത്. മാധ്യമങ്ങളിൽ വാർത്താ തലക്കെട്ട് ആകുകയാണ് ചിലരുടെ ലക്ഷ്യമെന്നാണ് ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇതിനെ കുറിച്ച് പ്രതികരിച്ചത്.

അതേസമയം തോളെല്ലിന് പരുക്കേറ്റ കോഹ്‌ലിക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്‌ടമാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook