ലണ്ടൻ: 2022 ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നതില്‍ നിന്നും ഖത്തറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ആറ് അറബ് രാജ്യങ്ങള്‍ ഫിഫക്ക് കത്തെഴുതിതായി റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍റില്‍ നിന്നുള്ള ദ ലോക്കല്‍ എന്ന ഇംഗ്ലീഷ് വെബ്സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. ഫിഫ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

ഖത്തര്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നെന്നാണ്‌ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ വാദം. സൗദി, യെമന്‍, മൗറിട്ടാനിയ, യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്, ബഹ്‌റൈന്‍, ഈജിപ്‌ത് എന്നിവര്‍ സംയുക്‌തമായി ഫിഫയെ എഴുതി അറിയിക്കുകയും ചെയ്‌തു. ഫിഫ നിയമം 85 അനുഛേദപ്രകാരം നേരത്തെ നിശ്‌ചയിച്ച വേദി മാറ്റാമെന്നും അവര്‍ വാദിച്ചു. എന്നാല്‍ കത്തു കിട്ടിയിട്ടില്ലെന്നാണ്‌ ഫിഫ പ്രസിഡന്റ്‌ ജിയാനി ഇന്‍ഫാന്‍ന്റിനോയുടെ നിലപാട്‌. ലോകകപ്പ്‌ സംഘാടക സമിതിയുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന്‌ ഫിഫ വക്‌താവ്‌ പറഞ്ഞു. ലോകകപ്പ്‌ വേദി മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അത്തരം നീക്കങ്ങള്‍ക്ക് മുതിരാന്‍ സാധ്യതയുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്ന് ഖത്തര്‍ പ്രതികരിച്ചു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നെന്ന്‌ ആരോപിച്ച്‌ അറബ്‌ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ