ചരിത്രം കുറിച്ച് അമിത് പാന്‍ഗല്‍. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടമാണ് അമിത് സ്വന്തമാക്കിയിരിക്കുന്നത്. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ള അമിത് 52 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ കസാഖിസ്ഥാന്‍ താരം സാക്കെന്‍ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. 3-2 നാണ് വിജയം.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഉസ്ബക്കിസ്ഥാന്റെ ഷഖോബുദ്ദീന്‍ സോയ്‌റോവിനെയായിരിക്കും അമിത് നേരിടുക. ഫ്രഞ്ച് താരം ബിലാല്‍ ബെന്നാമയെയാണ് സോയ്‌റോവ് സെമിയില്‍ പരാജയപ്പെടുത്തിയത്.
2017 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയാണ് അമിത് ശ്രദ്ധ നേടുന്നത്. പിന്നീട് അതേ വര്‍ഷം തന്നെ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തി. 2018 ല്‍ ഏഷ്യന്‍ ചാമ്പ്യനായി.
ഒരു എഡിഷനില്‍ തന്നെ ഒന്നിലധികം മെഡലുകള്‍ എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. അമിതും മനീഷ് കൗശിക്കും സെമിയില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യ രണ്ട് മെഡല്‍ ഉറപ്പിച്ചത്. നേരത്തെ വിജേന്ദര്‍ സിങ്, വികാസ് കൃഷ്ണന്‍, ശിവ ഥാപ്പ, ഗൗരവ്വ് ബിദൂരി എന്നിവര്‍ മെഡല്‍ നേടിയിരുന്നു. എന്നാല്‍ ആര്‍ക്കും ഫൈനലിലെത്താനായില്ല.