മുംബൈ: ക്രിക്കറ്റിൽ പല പരീക്ഷണങ്ങളും താരങ്ങൾ നടത്താറുണ്ട്. തന്ത്രങ്ങൾക്ക് മേൽ കുതന്ത്രങ്ങൾ പ്രയോഗിച്ചും കളിയിൽ ആധിപത്യം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും പതിവാണ്. ഇതിൽ പലപ്പോഴും മുന്നിട്ട് നിൽക്കുന്നത് ബാറ്റ്സ്മാന്മാരാണ്. ഷോട്ടുകൾ മാറ്റിയും ഇടംകൈയ്യനായി തയ്യാറാക്കിയ ഫീൾഡിൽ എതിൽ ടീമിനെ കബളിപ്പിച്ച് പെട്ടന്ന് വലംകൈയ്യനെ പോലെ ബാറ്റ് വീശിയുമെല്ലാം താരങ്ങൾ നിറഞ്ഞാടുന്ന കാലത്ത്, പുത്തൻ പരീക്ഷണം നടത്തിയിരിക്കുന്നത് ഇന്ത്യക്കാരനാണ്.

സ്വിച്ച് ബാറ്റിങ്ങിന് സമാനമായ രീതിയിൽ സ്വിച്ച് ബോളിങ് നടത്തുന്ന താരത്തിന്റെ വീഡിയോ ബിസിസിഐ തന്നെയാണ് തങ്ങളുടെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തിരിക്കുന്നത്.

സികെ നായിഡു ട്രോഫിയിൽ ഉത്തർപ്രദേശും ബംഗാളും തമ്മിലുള്ള മത്സരത്തിനിടയിലാണ് സംഭവം. ഉത്തർപ്രദേശിന്റെ ശിവ സിങ് എന്ന ഇടം സ്പിന്നർ പന്ത് വലതു കൈയ്യിലേക്കും തിരിച്ച് ഇടത് കൈയ്യിലേക്കും മാറ്റി 360 ഡിഗ്രിയിൽ കറങ്ങി പന്ത് എറിഞ്ഞു. പന്ത് ബാറ്റ്സ്മാൻ തട്ടി അകറ്റിയെങ്കിലും അംപയർ ഡെഡ് ബോൾ വിധിച്ചു.

ബാറ്റ്‌സ്മാന്റെ ശ്രദ്ധ തെറ്റുന്നുവെന്നും ബോളിങ് ആക്ഷൻ നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് അംപയര്‍ ഡെഡ് ബോൾ വിധിച്ചത്. അതേസമയം, അംപയറുടെ തീരുമാനത്തിനെതിരെ താരങ്ങൾ അപ്പോൾ തന്നെ തർക്കിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. അംപയർക്കാണ് തെറ്റിയതെന്നാണ് ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അഭിപ്രായപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ