നാന്റെസ്: ലോകത്തിന്റെ കാത്തിരിപ്പിന് അവസാനം. ഒരു സിനിമാക്കഥയിലെന്ന പോലെ സാലയുടെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിച്ച ഫുട്‌ബോള്‍ ലോകത്തെ നിരാശയിലാഴ്ത്തി ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. വിമാനവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം സാലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡോര്‍സെറ്റ് പൊലീസാണ് കാര്‍ഡിഫ് താരത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി അറിയിച്ചത്.

”മൃതദേഹം പോര്‍ട്ട്‌ലാന്റ് പോര്‍ട്ടിലെത്തിച്ചു. ഡോര്‍സെറ്റ് അധികൃതര്‍ മൃതദേഹം തിരിച്ചറിഞ്ഞു. സാലയുടേയും പൈലറ്റ് ഡേവിവ് ഇബോട്ടണിന്റേയും കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്” പൊലീസ് പറഞ്ഞു. അതേസമയം, പൈലറ്റിനായുള്ള തിരച്ചിലും അപകടകാരണം കണ്ടെത്താനുള്ള അന്വേഷണവും തുടരുമെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം തിരിച്ചറിഞ്ഞതോടെ കാർഡിഫ് ക്ലബ്ബ് സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം അറിയിച്ചു.

ജനുവരി 22 മുതലാണ് സാലയെ കാണാതായത്. ലീഗ് വണ്‍ ക്ലബ്ബായ നാന്റെസിന്റെ താരമായ സാല പുതിയ ടീമായ കാര്‍ഡിഫിലേക്ക് പോകും വഴിയെ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിലാവുകയായിരുന്നു. മൂന്ന് ദിവസം തിരഞ്ഞിട്ടും സാലയും പൈലറ്റ് ഡേവിഡിനേയും കണ്ടെത്താനായില്ല. ഇതോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

എന്നാല്‍ തിരച്ചില്‍ തുടരാന്‍ ഫുട്ബോള്‍ ലോകവും കുടുംബവും ആവശ്യപ്പെട്ടു. പിന്നാലെ സാമ്പത്തിക ശേഖരണവും നടത്തി. ഇതോടെ സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. തിരച്ചില്‍ നടത്തുന്നതിനായി ഫുട്ബോള്‍ താരങ്ങളും പണം നല്‍കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ