മുംബൈ: സമീപ കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിലുണ്ടായ ഏറ്റവും വലിയ മാറ്റത്തിനാണ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് സാക്ഷ്യം വഹിച്ചത്. നായകന്‍ സുനില്‍ ഛേത്രിയുടെ വീഡിയോ അഭ്യര്‍ഥനയ്ക്ക് പിന്നാലെ ഗ്യാലറിയോട് അകലം പാലിച്ച ആരാധകര്‍ മടങ്ങി വരുന്ന സുന്ദര കാഴ്‌ചയ്ക്കാണ് മുംബൈ സാക്ഷ്യം വഹിച്ചത്.

ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഛേത്രിയുടേയും സംഘത്തിന്റേയും പ്രകടനം. യൂറോപ്യന്‍ ഫുട്‌ബോളിന്റെ അത്ര നിലവാരമില്ലെങ്കിലും ഞങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ടെന്നും പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇനി മുന്നോട്ടു പോകാന്‍ സാധിക്കുകയുളളൂവെന്നും പറഞ്ഞ നായകന്‍ പിന്തുണ ലഭിച്ചപ്പോള്‍ പറഞ്ഞ വാക്ക് പാലിക്കുകയും ചെയ്തു.

ടീമിന്റെ പ്രകടനത്തിലെ മാറ്റം ആരാധകരുടെ മനോഭാവത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്യാലറി നിറച്ച് മാത്രമല്ല വൈക്കിങ് ക്ലാപ്പും ചാന്റുകളുമൊക്കെയായി ആരാധകരും ടീമിന്റെ വിജയത്തിന്റെ ഭാഗമാവുകയാണ്. എന്നാല്‍ ഇന്നലെ ഇന്ത്യ ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ ഇതുവരെ കാണാത്ത രീതിയിലായിരുന്നു ആരാധകര്‍ ടീമിനെ സ്വീകരിച്ചത്.

ബ്ലൂ പില്‍ഗ്രിംസ് (നീല തീര്‍ത്ഥാടകര്‍) എന്നറിയപ്പെടുന്ന ഇന്ത്യന്‍ ആരാധകക്കൂട്ടം പടുകൂറ്റന്‍ ടിഫോ ത്രിഡി ബാനര്‍ ഉയര്‍ത്തിയാണ് തങ്ങളുടെ പ്രിയ താരങ്ങളെ മൈതാനത്തേക്ക് വരവേറ്റത്. നീല കടുവയുടെ ത്രിമാന ബാനറായിരുന്നു ഉയര്‍ത്തിയത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ടിഫോ ത്രിഡി ബാനര്‍ പ്രത്യക്ഷപ്പെടുന്നത്.

ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന നീല കടുവയാണ് തങ്ങളുടെ ടീമെന്നും അതാണ് അത്തരത്തിലുള്ള ബാനര്‍ തയ്യാറാക്കിയതെന്നും ആരാധകക്കൂട്ടം പറയുന്നു. ആരാധകരുടെ സ്‌നഹത്തിനും പിന്തുണയ്ക്കും കപ്പു നേടിയാണ് ഇന്ത്യന്‍ ടീം മറുപടി പറഞ്ഞത്. ഛേത്രിയുടെ ഇരട്ടഗോളിന്റെ കരുത്തില്‍ കെനിയയെ തകര്‍ത്താണ് ഇന്ത്യ കിരീട ജേതാക്കളായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ