ഐഎസ്എല്ലിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. ബ്ലാസ്റ്റേഴ്സിനായി നാല് ഗോളുകൾ സ്വന്തമാക്കിയ മാർക്ക് സിഫ്നിയോസ് ക്ലബ് വിട്ടു. ദേശീയ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടതിനാലാണ് സിഫ്നിയോസ് ക്ലബ് വിടുന്നതെന്നാണ് സൂചന. സിഫ്നിയോസിന്രെ സേവനങ്ങൾക്ക് നന്ദി പറയുന്നതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രതികരിച്ചു.

ഐഎസ്എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത് മാർക്ക് സിഫ്നിയോസ് ആയിരുന്നു. മുംബൈ സിറ്റിക്കെതിരെയായിരുന്നു സിഫ്നിയോസിന്റെ ഗോൾനേട്ടം. ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ നേരത്തെ രാജിവച്ചിരുന്നു. ടീമിന്‍റെ മുന്നേറ്റനിരയില്‍ കളിപ്പിച്ചിരുന്ന താരത്തിന് മികച്ച പ്രകടനം ഇതുവരെ കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല.

ബെര്‍ബറ്റോവിനും ഇയാന്‍ ഹ്യൂമിനും പുറമേ സെന്‍റര്‍ ഫോര്‍വേഡ് കളിക്കുന്ന മറ്റൊരു താരമാണ് മാര്‍ക്ക് സിഫ്നിയോസ്. ഡച്ചുകാരനായ സിഫ്നിയോസ് ലോക ഫുട്ബാളില്‍ തന്‍റെ മികവ് തെളിയിക്കാനിരിക്കുന്ന താരമാണ്. ഡച്ച്‌ ക്ലബ്ബായ വാല്‍വിക്കിന്‍റെ അണ്ടര്‍ ഇരുപത്തിയോന്ന്‍ ടീമില്‍ നിന്നുമാണ് ഈ ഇരുപതുകാരന്‍ കേരളത്തിലേക്ക് എത്തുന്നത്.

വയസ്സൻ പടയെന്ന ആരാധകരുടെ വിമർശനങ്ങൾക്ക് മറുപടിയാണ് ഡച്ച് താരം മാർക്ക് സിഫ്നിയോസിനെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുന്നത്. 21കാരനായ മാർക്ക് സിഫ്നിയോസ് നെതർലൻഡ്സിലാണ് ജനിച്ചതെങ്കിലും ഗ്രീക്ക് വംശജനാണ്. മ്യൂലെൻസ്റ്റീന്റെ ഡച്ച് ബന്ധമാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചത്.

പതിനാല് പോയിന്റ് മാത്രം നേടി ഏഴാം സ്ഥാനത്തുള്ള കേരളത്തിന്, സിഫ്നിയോസിന്റെ പെട്ടെന്നുള്ള പിന്മാറ്റം വൻ തിരിച്ചടിയായേക്കും. ദിമിറ്റർ ബെർബറ്റോവും കെസിറോൺ കിസിറ്റോയും പരുക്കിനെത്തുടർന്ന് പുറത്ത് നിൽക്കുമ്പോൾ സിഫ്നിയോസും മടങ്ങുന്നത് വൻ ശൂന്യതയാവും ബ്ലാസ്റ്റേഴ്സ് നിരയ്ക്ക് സമ്മാനിക്കുക എന്നതിൽ സംശയമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ