മാഡ്രിഡ്: വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡും റയൽ മാഡ്രിഡും. ഇന്നലെ നടന്ന മത്സരത്തിൽ ഡിപ്പോർട്ടീവോ ലാ കരുണയെ ഒന്നിന് എതിരെ ഏഴ് ഗോളുകൾക്ക് തകർത്ത്കൊണ്ടാണ് റയൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്. റയലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരത് ബെയ്ൽ, നാച്ചോ എന്നിവർ ഇരട്ടഗോളുകൾ നേടി.

സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഡിപ്പോർട്ടീവോയാണ് ആദ്യം മുന്നിൽ എത്തിയത്. 23 ആം മിനുറ്റിൽ അഡ്രിയാന്റെ ഗോളിലൂടെയാണ് ഡിപ്പോർട്ടീവോ റയലിനെ ഞെട്ടിച്ചത്. എന്നാൽ മിനുറ്റുകൾക്കകം നാച്ചോയുടെ ഗോളിലൂടെ റയൽ സമനില പിടിച്ചു. ആദ്യപകുതി അവസാനിക്കും മുൻപ് ഗാരത് ബെയ്‌ലിന്റെ തകർപ്പൻ വോളിയിലൂടെ റയൽ ലീഡ് എടുത്തു. ബോക്സിന്റെ വലത്‌മൂലയിൽ നിന്ന് ബെയ്ൽ തൊടുത്ത മഴവിൽ ഷോട്ടാണ് ഡിപ്പോർട്ടീവോയുടെ വലതുളച്ചത്.

രണ്ടാം പകുതിയിൽ റയലിന്റെ സർവാധിപത്യമാണ് കണ്ടത്. 58 ആം മിനുറ്റിൽ ഗാരത് ബെയ്‌ലും, 68 ആം മിനുറ്റിൽ ലൂക്ക മോഡ്രിച്ചും ഡിപ്പോർട്ടീവോയുടെ വലയിൽ പന്തെത്തിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതായിരുന്നു അടുത്ത ഊഴം. 78,84 മിനുറ്റുകളിൽ ഡിപ്പോർട്ടീവോയുടെ വലയിൽ പന്ത് എത്തിച്ച് റൊണാൾഡോ തിരിച്ചുവരവ് ആഘോഷമാക്കി. 88 ആം മിനുറ്റിൽ നാച്ചോയുടെ ഗോളിലൂടെ റയൽ ഗോൾവേട്ട പൂർത്തീകരിക്കുകയും ചെയ്തു. ജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി റയൽ നാലാം സ്ഥാനത്തേക്ക് എത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ