ഒരുപാട് പ്രതീക്ഷയോടെയായിരുന്നു കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ പന്തു തട്ടാനിറങ്ങിയത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ ബര്‍ബറ്റോവും വെസ് ബ്രൗണും പരിശീലക സ്ഥാനത്ത് റെനെ മ്യുളന്‍സ്റ്റീനും എത്തിയതോടെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷയും തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താവുകയാണ് ഉണ്ടായത്.
ഓര്‍ക്കാന്‍ തക്കതായ ഒന്നും ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് മഞ്ഞപ്പടയ്ക്ക് സമ്മാനിച്ചിട്ടില്ല. വിവാദങ്ങള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല. ഇതിനിടെ പരിശീലക സ്ഥാനത്തു നിന്നും റെനെയെ പുറത്താക്കി ഡേവിഡ് ജെയിംസിനെ തിരികെ കൊണ്ടു വന്നിട്ടും പറയത്തക്ക മാറ്റമൊന്നും കണ്ടതുമില്ല.
ടീം മാനേജുമെന്റിനെതിരേയും നായകന്‍ സന്ദേശ് ജിങ്കനെതിരേയും ഗുരുതര ആരോപണങ്ങളുന്നയിച്ചായിരുന്നു റെനെ മടങ്ങിയത്. പിന്നാലെ വന്ന ഡേവിഡ് ജെയിംസിനെതിരേയും കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നിരുന്നു. സൂപ്പര്‍ താരം ബര്‍ബറ്റോവായിരുന്നു ജെയിംസിനെതിരെ വിമര്‍ശനമുന്നയിച്ചത്.
ഇപ്പോഴിതാ ടീമിന്റെ പരിശീലന രീതിയ്‌ക്കെതിരേയും മുന്‍ പരിശീലകന്‍ റെനെ മ്യുളന്‍സ്റ്റീനെതിരേയും ബര്‍ബറ്റോവിനെതിരേയും താരങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മിഡ് ഡേ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത താരങ്ങള്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.
‘പ്രീ-സീസണ്‍ ട്രെയിനിങ് വളരെ പ്രധാനപ്പെട്ടതാണ്. എഞ്ചിന് ഡീസല്‍ പോലെയാണത്. പക്ഷെ നിര്‍ഭാഗ്യ വശാല്‍ നമുക്ക് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ പറ്റിയില്ല.’ താരങ്ങളിലൊരാള്‍ പറയുന്നു.
‘കഴിഞ്ഞ എട്ട് വര്‍ഷമായി ഞാന്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കുന്നു. സ്‌പെയിനില്‍ നമ്മുടെ പരിശീലനം അപൂര്‍ണമായിരുന്നു.’ മറ്റൊരു മുതിര്‍ന്ന താരം പറയുന്നു. മുന്‍ പരിശീലകന്‍ റെനെ മ്യുളന്‍സ്റ്റീനെതിരേയും താരങ്ങള്‍ തുറന്നടിച്ചിട്ടുണ്ട്. മ്യുളന്‍സ്റ്റീന്‍ താരങ്ങളെ പിന്തുണച്ചിരുന്നില്ലെന്നാണ് താരങ്ങള്‍ പറയുന്നത്.
‘സ്‌പെയിനിലെ പരിശീലനത്തിനിടെ, ഇന്ത്യന്‍ താരങ്ങളെ അദ്ദേഹം വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നില്ലെന്ന് മാത്രമല്ല അംഗീകരിച്ചതു പോലുമില്ല. പക്ഷെ ആദ്യ മൽസരം കളിച്ചതോടെ ഞങ്ങള്‍ക്ക് കഴിവുണ്ടെന്ന് അദ്ദേഹത്തിന് മനസിലായി. പരുക്കു പറ്റിയ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം മുതിര്‍ന്നിരുന്നില്ല.’ എന്നാല്‍ ഡേവിഡ് ജെയിംസ് വന്നതോടെ മാറ്റം വന്നെന്നും അതിന്റെ ഫലം കളിയില്‍ കാണാന്‍ സാധിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസം ഡേവിഡ് ജെയിംസിനെതിരെ ബര്‍ബറ്റോവ് ആഞ്ഞടിച്ചിരുന്നു. ഡേവിഡിന് പരിശീലകനാകാനുള്ള കഴിവില്ലെന്നായിരുന്നു ബര്‍ബയുടെ വിമര്‍ശനം. എന്നാല്‍ ബര്‍ബ ഒരിക്കലും നല്ല ടീം പ്ലെയര്‍ ആയിരുന്നില്ലെന്നാണ് താരങ്ങള്‍ പറയുന്നത്. മ്യുളന്‍സ്റ്റീന്‍ ബര്‍ബറ്റോവിന്റെ കടുത്ത ആരാധകനായിരുന്നുവെന്നും താരം പറഞ്ഞു.
‘കോച്ച് റെനെ മ്യുളന്‍സ്റ്റീന്‍ ബര്‍ബറ്റോവിന്റെ ആരാധകനായിരുന്നു. ബര്‍ബറ്റോവ് ടീം പ്ലെയറായിരുന്നില്ല. മീറ്റിങ്ങിലൊന്നും പങ്കെടുക്കില്ലായിരുന്നു. പക്ഷെ ഡേവിഡ് ജെയിംസ് വന്നതോടെ അന്തരീക്ഷം മാത്രമല്ല, മാനസികവാസ്ഥ തന്നെ മൊത്തം മാറി’ താരം കൂട്ടിച്ചേര്‍ത്തു.
‘