മുംബൈക്കെതിരെ സീസണില്‍ രണ്ടാം തവണയും വിജയിച്ചതിന്റെ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും താരങ്ങളും. മത്സരശേഷമുള്ള താരങ്ങളുടെ പ്രതികരണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പി. പ്രശാന്തും ഏനസ് സിപോവിച്ചുമുള്ള വീഡിയോയാണ് ബ്ലാസ്റ്റേഴ്സ് പങ്കുവച്ചിരിക്കുന്നത്.
ഈസ്റ്റ് ബംഗാളിനെതിരെ അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’യിലെ ശൈലി അനുകരിച്ചാണ് സിപോവിച്ച് ഗോള്‍ നേട്ടം ആഘോഷിച്ചത്. അത് ഇന്നും സിപോവിച്ച് ആവര്‍ത്തിച്ചു. പക്ഷെ ബ്ലാസ്റ്റേഴ്സ് ആറാടുകയാണെന്നായിരുന്നു പ്രശാന്തിന്റെ പ്രതികരണം. താരത്തില്‍ നിന്ന് സിപോവിച്ച് ആറാടുകയാണെന്ന വാക്ക് പഠിച്ചെടുത്ത് പറയുന്നതും വീഡിയോയില്‍ കാണാം.
മുംബൈയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് മഞ്ഞപ്പട. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഗോളും ആല്‍വാരോ വാസ്ക്വസിന്റെ ഇരട്ട ഗോളുകളുമായിരുന്നു ടീമിന് ജയം സമ്മാനിച്ചത്. ഡിയഗോ മൗറിഷ്യൊയാണ് മുംബൈക്കായി ആശ്വാസ ഗോള്‍ നേടിയത്.
ജയത്തോടെ 19 കളികളില്‍ നിന്ന് 33 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ നാലാമതെത്തി. 31 പോയിന്റുള്ള മുംബൈ അഞ്ചാമതാണ്. ഞായറാഴ്ച ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഗോവയേയും കീഴടക്കാനായാല്‍ മഞ്ഞപ്പടയ്ക്ക് സെമി ഉറപ്പിക്കാം. അല്ലെങ്കില്‍ അടുത്ത മത്സരത്തില്‍ മുംബൈ ഹൈദരാബാദിനോട് പരാജയപ്പെടുകയോ സമനില വഴങ്ങുകയോ ചെയ്യണം.
Also Read: വാസ്ക്വസിന് ഡബിള്‍, സഹലിന്റെ മാജിക്കും; മുംബൈയെ പഞ്ഞിക്കിട്ട് ബ്ലാസ്റ്റേഴ്സ്