കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം നടത്തുന്നതിനെ എതിര്‍ത്തില്ലെന്ന പ്രചരണം ശരിയല്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ്. ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ഗ്രൗണ്ടുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

കൊച്ചിയിലെ ടര്‍ഫ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടും ടീം അധികൃതര്‍ പ്രതികരിച്ചില്ലെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

അതേസമയം, വിദഗ്ധ സമിതിയുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രമേ സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് ജിസിഡിഎ ഭാരവാഹികളുടെ നിലപാട്. ക്രിക്കറ്റിനായി സ്‌റ്റേഡിയത്തെ തയ്യാറാക്കിയാലും 22 ദിവസം കൊണ്ടു തന്നെ ഫുട്‌ബോളിനായുള്ള ടര്‍ഫ് സജ്ജമാക്കാന്‍ കഴിയുമെന്നും ജിസിഡിഎ വ്യക്തമാക്കിയുരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം പ്രതിനിധികളുമായി ജിസിഡിഎ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ ഫുട്‌ബോള്‍ ഗ്രൗണ്ട് ക്രിക്കറ്റിനായി മാറ്റുന്നതിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ സികെ വിനീത്, ഇയാന്‍ ഹ്യൂം, റിനോ ആന്റോ തുടങ്ങിയവരും ടീമുടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ്വ് ഗാംഗുലി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. സേവ് കൊച്ചി ടര്‍ഫെന്ന ഹാഷ് ടാഗുമായി ആരാധകരും സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ