പല തരത്തിലും താരങ്ങള്‍ പുറത്താകുന്നതിന് ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിര്‍ഭാഗ്യത്തിന്റെ അകമ്പടിയോടെയുള്ള പുറത്താകലാണ് റണ്ണൗട്ടുകള്‍. പലപ്പോഴും പങ്കാളിയുടെ പിഴവായിരിക്കും വിക്കറ്റ് തെറിക്കാന്‍ കാരണമാവുക. ഇതും അത്തരത്തിലൊരു സംഭവമാണ്.

ജര്‍മ്മന്‍ ക്രിക്കറ്റ് ടിവി സൂപ്പര്‍ സീരീസ് 2018 ടിന്റ-20 ലീഗിലായിരുന്നു സംഭവം. കളി ഫെയ്‌സ്ബുക്കില്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു.

ബിഡബ്ല്യു ഷാര്‍ക്ക്‌സും നോര്‍ത്തേണ്‍ ടീമും തമ്മിലായിരുന്നു മൽസരം. വലങ്കയ്യന്‍ ഓഫ് ബ്രേക്ക് ബോളര്‍ എറിഞ്ഞ പന്ത് ഓഫ് സ്റ്റംപിന്റെ പുറത്ത് പിച്ച് ചെയ്‌ത് പൊന്തി. ക്രീസില്‍ നിന്നും അല്‍പ്പം മുന്നോട്ടിറങ്ങിയായിരുന്നു ബാറ്റ്‌സ്‌മാന്‍ പന്തിനെ നേരിട്ടത്.

പക്ഷെ കണക്ക് കൂട്ടല്‍ പിഴച്ചു കൊണ്ട് പന്ത് ബാറ്റില്‍ നിന്നും ബോളര്‍ക്കു നേരെ പാഞ്ഞു. പെട്ടെന്നുണ്ടായ സംഭവത്തില്‍ ബോളര്‍ക്ക് കൃത്യമായി പ്രതികരിക്കാന്‍ സാധിച്ചില്ല. ഇതോടെ ക്യാച്ചിന് ശ്രമിച്ച ബോളറുടെ കൈയ്യില്‍ കൊണ്ട് പന്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ സ്റ്റംപിലേക്ക്. ഇതോടെ റണ്ണിനായി ക്രീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ ബാറ്റ്‌സ്‌മാന്‍ പുറത്താവുകയായിരുന്നു.

മുമ്പും ക്രിക്കറ്റില്‍ ഇതുപോലുള്ള പുറത്താകലുകളുണ്ടായിട്ടുണ്ട്. 2016 ല്‍ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സും മെല്‍ബണ്‍ റെനെഗേഡ്‌സും തമ്മിലുള്ള മൽസരത്തിനിടെയായിരുന്നു സംഭവം. ബോളറുടെ സ്ഥാനത്ത് ആദം സാമ്പയും ബാറ്റ്‌സ്‌മാന്റെ സ്ഥാനത്ത് ബ്രാവോയും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ പീറ്റര്‍ നെവിലുമായിരുന്നു അന്ന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ