ഇന്ത്യൻ വനിത ക്രിക്കറ്റിന്റെ ഏകദിന നായിക മിതാലി രാജിന് ഇന്ന് പിറന്നാൾ.  തന്റെ ജീവിതത്തിന്റെ പകുതിയിൽ അധികവും ഇന്ത്യൻ കുപ്പായത്തിൽ ജീവിച്ച മിതാലി രാജിന് പിറന്നാൾ ആശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകം. വിവാദങ്ങൾക്കിടയിലാണ് മിതാലിയുടെ പിറന്നാൾ ദിനം.


ക്രിക്കറ്റ് ലോകത്തെ മിന്നും റാണിയാണ് മിതാലി രാജ് എന്ന ഇന്ത്യൻ വനിത ക്രിക്കറ്റർ. ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തെ തന്നെ സകല വനിതകൾക്കും അഭിമാനവും പ്രചോദനവും പ്രതീക്ഷയും നൽകുന്ന താരം. പുരുഷന്മാർ സാധിച്ചതും അതിനപ്പുറവും നേടിയ വനിത.

സച്ചിനും റിച്ചാർഡ്സും ഷെയ്ൻ വോണുമെല്ലം കളം വാഴുന്ന മൈതാനത്തേക്കാണ് വളയിട്ട കൈകളിൽ ബാറ്റുമായി മിതാലി എത്തുന്നത്. പിന്നീട് മിതാലിയുടെ തോളിലേറിയാണ് ഇന്ത്യൻ വനിതകൾ ക്രിക്കറ്റിന്റെ കൊടുമുടികൾ പലതും കീഴടക്കിയത്. ഇതിനിടയിൽ വനിത ക്രിക്കറ്റിലെ സച്ചിൻ എന്ന പേരും മിതാലിക്ക് വീണു.

എന്നാൽ പ്രകടനത്തിന്റെ കാര്യത്തിൽ വളർന്നുവന്ന സാഹചര്യവും കണക്കിലെടുത്താൽ സച്ചിനോട് ഉപമിക്കേണ്ട വ്യക്തിയല്ല മിതാലി എന്ന വാദവും ശക്തമാണ്. ഇരുവരും രണ്ട് വ്യക്തികളായി നിന്ന് ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭവനകൾ നൽകിയവരാണ്. സച്ചിനെന്ന പോലെ തന്നെ, ആ പേര് ഏറ്റുവിളിക്കപ്പെടണം.

1982 ഡിസംബർ മൂന്നിന് തമിഴ് ദമ്പതികളായ ദൊരൈ രാജിന്റെയും ലീലയുടെയും മകളായി രാജസ്ഥാനിലെ ജോധപൂരിലാണ് മിതാലിയുടെ ജനനം. നൃത്തം ചെയ്യാനും ഉറങ്ങാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന തന്റെ ബാല്യത്തിൽ എപ്പഴൊ തോന്നിയൊരു കൗതുകവും വീട്ടുകാർ സമ്മാനമായി നൽകിയ ബാറ്റും ബോളുമാണ് മിതാലിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

തന്റെ പത്താം വയസിൽ മിതാലി ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചു. ഏഴ് വർഷങ്ങൾക്കപ്പുറം ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ത്യക്ക് ഒരുപാട് വിജയങ്ങൾ സമ്മാനിച്ച് ഇന്ത്യൻ ടീമിന്റെ നെടുംതൂണായി മാറി. നായികയായും പരിശീലകയായും ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ചത് മിതാലി രാജ് ആയിരുന്നു.

1997ൽ നടന്ന ലോകകപ്പിൽ പതിനാല് വയസ് മാത്രമുള്ള മിതാലി ഇന്ത്യൻ ടീമിന്റെ ഭാഗമാകുമെന്ന വാർത്തകൾ സജീവമായിരുന്നെങ്കിലും അന്ന് ആ നേട്ടം സ്വന്തമാക്കാൻ മിതാലിക്ക് ആയില്ല. രണ്ട് വർഷങ്ങൾക്ക് ശേഷം 1999ൽ അയർലണ്ടിനെതിരെയായിരുന്നു മിതാലിയുടെ അരങ്ങേറ്റ മത്സരം. ആദ്യ മത്സരത്തിൽ തന്നെ കന്നി സെഞ്ചുറി തികച്ച് വരാനിരിക്കുന്ന വെടിക്കെട്ടിന് സൂചന നൽകി.

2001-2002 സീസണിലാണ് മിതാലി ടെസ്റ്റിൽ അരങ്ങേറുന്നത്. ദക്ഷിണ ആഫ്രിക്കക്കെതിരെ ആയിരുന്നു മിതാലിയുടെ ടെസ്റ്റ് അരങ്ങേറ്റം. 2002ൽ തന്നെ തന്റെ മൂന്നാം അന്താരാഷ്ട്ര ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയ മിതാലി പുതിയ റെക്കോർഡ് കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന ഓസ്ട്രേലിയയുടെ കാരണ റോൾട്ടറുടെ 209 റൺസാണ് മിതാലി മറികടന്നത്. അന്ന് ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണിൽ 214 റൺസാണ് താരം അടിച്ചു കൂട്ടിയത്.

അതേവർഷം നടന്ന ലോകകപ്പിനിടയിൽ എതിരാളികൾ ഭയപ്പെട്ടിരുന്ന മിതാലിയെ ടൈഫോയ്ഡ് കീഴടക്കി. എന്നാൽ ആർക്കും മുന്നിൽ കീഴടങ്ങാൻ മിതാലി തയ്യാറല്ലായിരുന്നു, അത് രോഗമാണെങ്കിലും. 2005ൽ ഇന്ത്യൻ ടീമിനെ ഫൈനൽ വരെ എത്തിച്ച് മിതാലിയുടെ ശക്തമായ തിരിച്ചുവരവിനും ക്രിക്കറ്റ് ലോകം സാക്ഷിയായി.

ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയവും പരമ്പര വിജയവും നേടി തന്ന നായികയാണ് മിതാലി. 2004 മുതൽ ഇന്ത്യൻ ടീമിന്റെ നായികസ്ഥാനം ഏറ്റെടുത്ത മിതാലിയാണ് ഏറ്റവും കൂടുതൽ കളികളിൽ ഇന്ത്യയെ നയിച്ചതും വിജയം സമ്മാനിച്ചതും. 120 ഏകദിന മത്സരങ്ങളിൽ മിതാലിക്ക് കീഴിൽ ഇറങ്ങിയ ഇന്ത്യ 73ലും വിജയമറിഞ്ഞു. 2008ൽ ഇന്ത്യക്ക് ഏഷ്യകപ്പ് നേടിതന്ന നായികയും മിതാലി തന്നെ.

ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പിന്നിടുന്ന ആദ്യ താരമാണ് മിതാലി രാജ്.  197 മത്സരങ്ങൾ ഇന്ത്യൻ കുപ്പായത്തിൽ കളിച്ച താരം 51.17 റൺശരാശരിയിൽ 6550 റൺസാണ് അടിച്ചു കൂട്ടിയത്. 85 ടി20 മത്സരങ്ങൾ കളിച്ച മിതാലി 2283 റൺസ് നേടി. ടി20 റൺവേട്ടയിൽ ഇന്ത്യൻ പുരുഷ താരങ്ങളെക്കാൾ മുന്നിലാണ് മിതാലി. വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ്മയും ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയും മിതാലിക്ക് പിന്നിലാണ്.

2017 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ മുന്നിൽ നിന്ന് പോരാടിയതും മിതാലിയായിരുന്നു. തുടർച്ചയായി ഏഴ് അർദ്ധ സെഞ്ചുറികൾ നേടിയ താരം തുടർച്ചയായി ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡ് തന്റെ പേരിൽ കുറിച്ചു. ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിത താരവും അഞ്ചാം വനിത ക്രിക്കറ്ററുമാണ് മിതാലി.

2003ൽ രാജ്യം അർജുന അവാർഡ് നൽകി മിതാലിയെ ആദരിച്ചു. 2015ൽ പദ്മശ്രീ നേടിയും ഇന്ത്യയുടെ ആദരം ഇന്ത്യൻ വനിത ക്രിക്കറ്റിന്റെ കുലപതി ഏറ്റുവാങ്ങി. 2017ൽ ഐസിസി വാർഷിക ടീമിലും മിതാലി ഇടം കണ്ടെത്തി. 2017ൽ ബിബിസി പുറത്തുവിട്ട ലോകത്തെ 100 വനിതകളിൽ മിതാലിയും ഉൾപ്പെട്ടിരുന്നു.

2017ൽ തന്നെ യൂത്ത് സ്പോർട് ഐക്കൺ ഓഫ് എക്സലൻസ് അവാർഡും. വോഗ് സ്പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ അവാർഡും മിതാലിക്ക് സമ്മാനിക്കപ്പെട്ടു.

കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമിഫൈനലില്‍ നിന്നും ടീമിലെ മുതിര്‍ന്ന താരവും മുന്‍ നായികയുമായ മിതാലി രാജിനെ പുറത്താക്കിയത് വന്‍ വിവാദമായിരുന്നു. പിന്നാലെ പരിശീലകനായ രമേശ് പവാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബിസിസിഐയ്‌ക്കെഴുതിയ കത്തില്‍ മിതാലി ആരോപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ