ഓസ്ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ട്വന്റി 20 ലീഗില്‍ ബാറ്റ് കൊണ്ട് മികവുറ്റ പ്രകടനമല്ല മുന്‍ ന്യൂസിലൻഡ് താരം ബ്രണ്ടന്‍ മക്കല്ലം നടത്തുന്നതെങ്കിലും ഫീല്‍ഡിങ്ങില്‍ പ്രശംസ പിടിച്ചുപറ്റുകയാണ് അദ്ദേഹം. ശനിയാഴ്ച പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ അദ്ദേഹത്തിന്റെ ഫീല്‍ഡിങ് ഏറെ കൈയ്യടി നേടി. അവിശ്വസനീയമായ പരിശ്രമമായിരുന്നു 37കാരനായ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മനോഹരമായ ക്യാച്ചുകളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ പോന്നതായിരുന്നു അത്. ബ്രിസ്ബൈന്‍ ഹീറ്റും, പെര്‍ത്ത് സ്കോര്‍ച്ചേഴ്സും തമ്മിലുളള മത്സരത്തിനിടെ 14-ാമത്തെ ഓവറില്‍ ബൗണ്ടറിയോട് ചേര്‍ന്നായിരുന്നു മക്കല്ലം ഫീല്‍ഡ് ചെയ്തത്. ബൗണ്ടറിയിലേക്ക് ഉയര്‍ന്ന് പൊങ്ങിയ പന്ത് അദ്ദേഹം ഓടി വന്ന് ചാടിപ്പിടിച്ചെങ്കിലും ഒരു നിമിഷം പന്ത് വഴുതി മാറി.
Brendon McCullum needs to be New Zealand's new #FIFA World Cup goalkeeper!
…provided New Zealand actually make the World Cup #BBL08 pic.twitter.com/uB6RAfxkhU
— KFC Big Bash League (@BBL) January 5, 2019
ക്യാച്ച് നേടാനായില്ലെങ്കിലും പന്ത് ബൗണ്ടറി എത്താതെ നോക്കാന്‍ അദ്ദേഹത്തിന്റെ ഈ പരിശ്രമത്തിലൂടെ സാധ്യമായി. പിടിച്ചിരുന്നെങ്കില്‍ അത് ‘ഈ നൂറ്റാണ്ടിലെ മികച്ച ക്യാച്ച്’ ആകുമായിരുന്നെന്ന് കമന്റേറ്ററായ മെല്‍ ജോണ്‍സ് പറഞ്ഞു. നിരവധി പേരാണ് മക്കല്ലത്തിന്റെ ഈ ശ്രമത്തെ പുകഴ്ത്തി രംഗത്തെത്തിയത്. പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൈതാനത്തെ താരമായി മക്കല്ലത്തിന് മാറാന്‍ കഴിഞ്ഞെന്ന് മുന്‍ ന്യൂസിലൻഡ് താരം ജിമ്മി നീഷാം ട്വീറ്റ് ചെയ്തു.