ട്വന്റി-20 ടൂർണ്ണമെന്റുകളിൽ ഐപിഎല്ലിനോട് കിടപിടിക്കുന്ന ലീഗാണ് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ്. താരപ്പകിട്ട് കൊണ്ടും മത്സര നിലവാരം കൊണ്ടും ബിഗ്ബാഷ് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ബാറ്റിങ്ങിലും, ബൗളിങ്ങിലും, ഫീൽഡിങ്ങിലുമൊക്കെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ ബിഗ്ബാഷിലും പിറന്നിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബിഗ്ബാഷിലെ ഒരു ക്യാച്ചാണ് ഇന്ന് ലോകമെമ്പാടും ചർച്ച ചെയ്യുന്നത്.

ഓസ്ട്രേലിൻ താരങ്ങളായ ബെൻ ലോഗ്‌ലിനും ജേക്ക് വെതറാൾഡ് കൂട്ടുകെട്ടിൽ പിറന്ന ക്യാച്ചാണ് ആരാധകരുടെ കണ്ണ് തള്ളിച്ചത്. അഡ്‌ലൈഡ് സ്ട്രൈക്കേഴ്സും മെൽബൺ റെനഗേഡ്സും തമ്മിലുള്ള മത്സരത്തിലാണ് ഐതിഹാസിക ക്യാച്ച് പിറന്നത്.

റെനഗേഡ്സ് താരം ഡ്വയിൻ ബ്രാവോയെ പുറത്താക്കാനാണ് ബെൻ ലോഗ്‌ലിൻ- ജേക്ക് വെതറാൾഡ് കൂട്ടുകെട്ട് ഒന്നിച്ചത്. അഡ്‌ലൈഡ് താരം റാഷിദ് ഖാന്റെ പന്ത് അതിർത്തി കടത്താൻ ശ്രമിക്കവെയാണ് ബ്രാവോയെ ബെൻ ലോഗ്‌ലിൻ- ജേക്ക് വെതറാൾഡ് കൂട്ടുകെട്ട് കുടുക്കിയത്. ക്യാച്ചിനായി മിഡ്ഓണിൽ നിന്നും ഓടിയെത്തിയ ബെൻ ലോഗ്‌ലിൻ പന്ത് കൈപ്പിടിയിൽ ഒതുക്കി, എന്നാൽ ഓട്ടത്തിന്റെ വേഗതയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോഗ്‌ലിൻ പന്ത് ജേക്ക് വെതറാൾഡിന്റെ നേർക്ക് എറിഞ്ഞു. 30 മീറ്റർ അകലെയായിരുന്ന ജേക്ക് വെതറാൾഡ് പന്ത് പറന്ന് പിടിച്ചതോടെ കാണികൾ ഞെട്ടി.

അതി സാഹസീകമായാണ് ബെൻ ലോഗ്‌ലിൻ പന്ത് വായുവിലേക്ക് എറിഞ്ഞത്. ദൂരെ ഉണ്ടായിരുന്ന ജേക്ക് വെതറാൾഡും മികച്ചൊരു ഡൈവിലൂടെയാണ് പന്ത് കൈപ്പിടിയിൽ ഒതുക്കിയത്.

ബെൻ ലോഗ്‌ലിൻ- ജേക്ക് വെതറാൾഡ് കൂട്ടുകെട്ടിന്റെ സൂപ്പർ ക്യാച്ചിനെ ബിഗ് ബാഷ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചായാണ് വിലയിരുത്തിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചാണ് ഇതെന്ന് ചിലർ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ