ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഭുവനേശ്വർ കുമാർ ബോളിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓസ്ട്രേലിയയുടെ രണ്ടു മുൻനിര ബാറ്റ്സ്മാന്മാരെ പുറത്താക്കിയ ഭുവി ഫീൽഡിങ്ങിലൂടെ മറ്റൊരു അടിവീരൻ ഗ്ലെൻ മാക്സ്‌വെല്ലിനെയും പുറത്താക്കി.

ഓപ്പണർമാരായ അലക്സ് കാരിയും ആരോൺ ഫിഞ്ചുമാണ് ഭുവിയുടെ ബോളിങ്ങിൽ കളം വിട്ടത്. കാരി 5 റൺസെടുത്തും ഫിഞ്ച് 14 റൺസെടുത്തുമാണ് പുറത്തായത്. ഓസീസിന്റെ മുൻനിര ബാറ്റ്സ്മാന്മാരെ തന്നെ ഭുവി വീഴ്‌ത്തിയതോടെ ഓസ്ട്രേലിയയുടെ നെടുംതൂണാണ് നഷ്ടമായത്. പിന്നീട് അടിവീരൻ ഗ്ലെൻ മാക്സ്‌വെല്ലിനെയും മികച്ചൊരു ക്യാച്ചിലൂടെ ഭുവി പുറത്താക്കി.

മത്സരത്തിലെ 35-ാം ഓവറിലായിരുന്നു ക്യാച്ച്. മുഹമ്മദ് ഷമിയുടെ ബോൾ ഉയർത്തി അടിച്ച മാക്‌സ്‌വെല്ലിനെ കിടിലനൊരു ക്യാച്ചിലൂടെ ഭുവി പുറത്താക്കുകയായിരുന്നു. ഇതോടെ ഓസീസിന്റെ ആറാം വിക്കറ്റാണ് നഷ്ടമായത്. നിറഞ്ഞ കൈയ്യടികളോടെയാണ് ഭുവിയുടെ പ്രകടനത്തെ ഇന്ത്യൻ ആരാധകർ സ്വീകരിച്ചത്.

ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 231 റൺസാണ്. 48.4 ഓവറിൽ 230 റൺസിന് ഓസീസ് ബാറ്റ്സ്‌മാന്മാർ എല്ലാവരും പുറത്തായി. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. യുസ്‌വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഓസീസിനെ താരതമ്യേന കുറഞ്ഞ സ്കോറിന് പുറത്താക്കാൻ സഹായിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ