വാറണ്ടേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി-20 മൽസരത്തിൽ ഭുവനേശ്വർ കുമാറിന്റെ പ്രകടനമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 4 ഓവർ ബോൾ ചെയ്ത ഭുവി 28​ റൺസ് വഴങ്ങി 5 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഭുവിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സായിരുന്നു ജൊഹന്നാസ്ബർഗിലേത്.

മികച്ച ലൈനിലും ലെങ്തിലും കൃത്യതയോടെ പന്തെറിയുന്ന ഭുവിയെ ബിസിസിഐ ഒരു ചലഞ്ചിന് വിളിച്ചു. 90 സെക്കന്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി ട്വന്റി മാച്ച് റിപ്പോർട്ട് ചെയ്യുക, അതായിരുന്നു ചലഞ്ച്. ബിസിസിഐ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ പേജിലായിരുന്നു വെല്ലുവിളിയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ഭുവിക്ക് വെല്ലുവിളി ഏറ്റെടുത്ത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ? എന്നും ബിസിസിഐ ചോദിച്ചിരുന്നു.

ബിസിസിഐയുടെ വെല്ലുവിളി ഭുവി ഏറ്റെടുത്തു. 90 സെക്കന്റിനു പകരം 77 സെക്കന്റ് കൊണ്ട് ഭുവി മാച്ച് റിപ്പോർട്ട് ചെയ്തു. ധവാന്റെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് വലിയൊരു സ്കോർനില കണ്ടെത്താൻ സഹായിച്ചതെന്ന് ഭുവി പറഞ്ഞു. മാത്രമല്ല രോഹിത് ശർമ്മയുടെ 9 ബോളിൽനിന്നുളള 21 റൺസും മുതൽക്കൂട്ടായെന്നും ഭുവി മാച്ച് റിപ്പോർട്ടിങ്ങിൽ പറഞ്ഞു. ഇനിയുളള മൽസരങ്ങളിലും തന്റെ ഫോം ഇതുപോലെ നിലനിർത്താനാണ് ശ്രമിക്കുന്നതെന്നും ഭുവി പറഞ്ഞു.

ടി ട്വന്റിയിൽ ആദ്യമായാണ് ഇന്ത്യൻ പേസർ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 5 വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ താരമാണ് ഭുവനേശ്വർ കുമാർ. നേരത്തെ സ്പിൻ ബോളറായ യുസ്‌വേന്ദ്ര ചാഹൽ ടി ട്വന്റിയിൽ 5 വിക്കറ്റ് നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ