ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടി20 പരമ്പരയിൽ 2-1 ന് വിജയം നേടിയതോടെ ഐസിസി ടി20 റാങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് കുതിപ്പ്. മൂന്ന് മൽസരത്തിലും തകർപ്പൻ പ്രകടനം കാഴ്ചവച്ച പേസർ ഭുവനേശ്വർ കുമാറും ഓപ്പണർ ശിഖർ ധവാനുമാണ് നേട്ടമുണ്ടാക്കിയവരിൽ പ്രധാനികൾ.

148 റൺസാണ് മൂന്ന് മൽസരങ്ങളിൽ ധവാൻ നേടിയത്. ഇരു ടീമുകളിലെയും താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ധവാനാണ്. ഇതോടെ റാങ്കിങ്ങിൽ 14 സ്ഥാനങ്ങൾ ഉയർന്ന് 28-ാം റാങ്കിലെത്തി ഇദ്ദേഹം. കരിയറിലെ തന്നെ മികച്ച റാങ്കാണ് ധവാനിത്.

അതേസമയം, മൂന്ന് മൽസരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തുകയും റണ്ണൊഴുക്ക് ശക്തമായി തടയുകയും ചെയ്ത പേസർ ഭുവനേശ്വർ കുമാറും നില മെച്ചപ്പെടുത്തി. 20 സ്ഥാനങ്ങൾ ഉയർന്ന് 12-ാം സ്ഥാനത്താണ് ഭുവി ഇപ്പോഴുളളത്.

ടീം റാങ്കിങ്ങിൽ ഇന്ത്യ ഒരു പോയിന്റ് കൂടുതൽ നേടി. ദക്ഷിണാഫ്രിക്കയ്ക്ക് ഒരു പോയിന്റ് കുറഞ്ഞു. പാക്കിസ്ഥാൻ ഒന്നാം സ്ഥാനത്ത് തുടരുന്ന പട്ടികയിൽ പക്ഷെ ഇന്ത്യ തങ്ങളുടെ മൂന്നാം സ്ഥാനവും ദക്ഷിണാഫ്രിക്ക ഏഴാം സ്ഥാനവും നിലനിർത്തി.

ദക്ഷിണാഫ്രിക്കൻ നായകൻ ജെ.പി.ഡുമിനി നാല് സ്ഥാനങ്ങൾ ഉയർന്ന് 24-ാം റാങ്കിലെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ