ഹൈദരാബാദ്: ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ആശങ്ക പങ്കുവച്ച് ഇന്ത്യൻ ​പേസർ ഭുവനേശ്വർ കുമാർ. കാലിനേറ്റ പരുക്കിനെത്തുടർന്ന് ടീമിൽനിന്നു വിട്ടുനിൽക്കുകയാണ് താരം.

കായികക്ഷമത എപ്പോൾ വീണ്ടെടുക്കാനാകുമെന്ന് അറിയില്ലെന്ന് ഭുവി പറഞ്ഞു. കാലിനേറ്റ പരുക്കിന് ശസ്ത്രക്രിയ ചെയ്യുന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. അതിനാൽ എന്ന് തിരിച്ച് ടീമിൽ ഇടംപിടിക്കാനാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഭുവനേശ്വർ പറഞ്ഞു. അതോടൊപ്പം ടി20 ലോകകപ്പിനെക്കുറിച്ച് ആശങ്കകളില്ലെന്നും അതിനായി ഒമ്പത് മാസം നീണ്ടുകിടക്കുകയാണ്. ആദ്യം കായികക്ഷമത വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു.

Read Also: ചരിത്ര നേട്ടം: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ പാരിതോഷികം

ഇരുപത്തിയൊമ്പതുകാരനായ ഭുവനേശ്വര്‍ ഇന്ത്യക്കുവേണ്ടി 21 ടെസ്റ്റില്‍നിന്ന് 63 വിക്കറ്റും 114 ഏകദിനത്തില്‍നിന്ന് 132 വിക്കറ്റും 43 ടി 20 യില്‍നിന്ന് 41 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.

നിവവിലെ ഇന്ത്യൻ ടീമിന്റെ പേസ് നിരയുടെ പ്രധാന ആയുധമാണ് ഭുവി. ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവരടങ്ങിയ പേസ് നിര ടീമിനായി മികച്ച പ്രകടനമാണ് സമീപകാലത്ത് പുറത്തെടുത്തത്. അടുത്തകാലത്ത് പരിക്കേറ്റ് ബുംറയും ഭുവനേശ്വറും ടീമിൽനിന്ന് പുറത്തായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കൻ പരമ്പരയിലൂടെ ലോക ഒന്നാം നമ്പർ ബോളറായ ബുംറ തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് ഭുവിയുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook