ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന് അവരുടെ ഏറ്റവും മികച്ച ബോളരെ വരും മത്സരങ്ങളിൽ നഷ്ടമാകും. പരുക്കിനെ തുടർന്ന് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെ ടീമിൽ നിന്ന് ഒഴിവാക്കി. തുടയിലെ മസിലിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ക്ലബ്ബ് അറിയിച്ചു. ഇതോടെ ഐപിഎല്ലിൽ തുടർന്ന മത്സരങ്ങളിൽ താരത്തിന് കളിക്കാനാകില്ല.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. വിദഗ്ധ പരിശോധനയിൽ ആറ് മുതൽ എട്ട് ആഴ്ചത്തെ വിശ്രമമാണ് താരത്തിന് വേണ്ടി വരുകയെന്ന് കണ്ടെത്തി. ഇതോടെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനവും താരത്തിന് നഷ്ടമായേക്കും.
അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമുള്ള ഹൈദരാബാദിന്റെ തിരിച്ചുവരവ് മോഹങ്ങൾക്ക് തിരിച്ചടിയാണ് താരത്തിന്റെ പരുക്ക്. ഹൈദരാബാദ് പേസ് നിരയിലെ കുന്തമുനയായ ഭുവനേശ്വറിന്റെ അഭാവത്തിൽ മുംബൈക്കെതിരെ സിദ്ധാർത്ഥ് കൗളാണ് കളിച്ചത്.
ചെന്നൈക്കെതിരായ മത്സരത്തിന്റെ 19-ാം ഓവറിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഇതോടെ ഓവര്‍ പൂര്‍ത്തിയാക്കാതെ താരം കളംവിടുകയായിരുന്നു. നാല് മത്സരങ്ങളിൽ ഏഴിൽ താഴെയായിരുന്നു താരത്തിന്റെ ഇക്കോണമി റേറ്റ്. അതേസമയം താരം ദുബായിൽ തന്നെ തുടരനാണ് സാധ്യത. ബിസിസിഐ ഫിസിയോ നിതിൻ പട്ടേലും ഇവിടെയുള്ളതിനാലാണിത്.