വാണ്ടറേഴ്‌സ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാഗ്യതാരമാണ് ഭുവനേശ്വർ കുമാർ. മികച്ച ലൈനിലും ലെങ്തിലും കൃത്യതയോടെ പന്തെറിയുന്ന ഭുവി വിദേശ മണ്ണിലും തന്റെ മികവ് തെളിയിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റ-20 മൽസരത്തിലും ഭുവനേശ്വർ കുമാറിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 4 ഓവർ ബോൾ ചെയ്ത ഭുവി 28​ റൺസ് വഴങ്ങി 5 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ട്വന്റി 20യില്‍ ആദ്യമായാണ് ഇന്ത്യന്‍ പേസര്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ മുൻനിരയെ തകർത്തത് ഭുവിയുടെ തീ പാറുന്ന പന്തുകളായിരുന്നു. ജെ.ജെ സ്മട്സ് (14), നായകന്‍ ജെ.പി.ഡുമിനി(3) എന്നിവരെ വീഴ്ത്തി ഭുവി ദക്ഷിണാഫ്രിക്കയെ തുടക്കത്തിലേ പ്രതിരോധത്തിലാക്കിയിരുന്നു.

രണ്ടാം വരവിലാണ് ഭുവി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിക്കൊണ്ടിരുന്ന ഹെന്‍ഡ്രിക്‌സിനെ (70) ധോണിയുടെ കൈകളിൽ എത്തിച്ച് ഭുവി മൽസരം ഇന്ത്യക്ക് അനുകൂലമാക്കി. അതേ ഓവറിൽത്തന്നെ ക്ലാസൻ(16), മോറിസ് (0) എന്നിവരെ വീഴ്ത്തി ഭുവി 5 വിക്കറ്റ് നേട്ടം ആഘോഷിക്കുകയും ചെയ്തു.

മൽസരത്തിൽ 28 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തത്. ട്വന്റി-20യിൽ ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹൽ മാത്രമാണ് 5 വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുളളത്. ഭുവനേശ്വർ കുമാറിന്രെ പ്രകടനത്തെ അഭിനന്ദിച്ച് യുസ്‌വേന്ദ്ര ചാഹലുൾപ്പടെ പ്രമുഖ താരങ്ങൾ രംഗത്ത് വന്നിരുന്നു. ബുധനാഴ്ചയാണ് ട്വന്റി-20 പരമ്പരയിലെ അടുത്ത മൽസരം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ