/indian-express-malayalam/media/media_files/uploads/2018/10/sreesanth-1.jpg)
ബിഗ് ബോസ് ഷോയിലൂടെ തന്റെ കരിയറിനെ ഇല്ലാതാക്കിയ വാതുവെപ്പ് വിവാദത്തെ കുറിച്ച് ആര്‍ക്കുമറിയാത്ത രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീശാന്ത്. ഒന്നിന് പുറമെ ഒന്നായി ശ്രീശാന്ത് നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഷോയുടെ പ്രേക്ഷകരേയും ക്രിക്കറ്റ് ആരാധകരേയും ഒരുപോലെ ഞെട്ടിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ബിസിസിഐയ്‌ക്കെതിരെ തുറന്ന കത്തുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി രംഗത്തെത്തിയിരിക്കുകയാണ്.
ശ്രീശാന്തിന് നീതി ആവശ്യപ്പെട്ടുകൊണ്ടാണ് ഭുവനേശ്വരിയുടെ തുറന്ന കത്ത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കേസിന്റെ ഒരുഘട്ടത്തില്‍ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നതായും താന്‍ ചെയ്യാത്ത കാര്യത്തിനാണ് തന്റെ കരിയര്‍ അവസാനിച്ചതെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളായ അങ്കിത് ചവാനും അജിത് ചാന്ദിലയ്ക്കും ശ്രീശാന്തിനും ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ കേസില്‍ ശ്രീശാന്ത് നിരപരാധിയാണെന്ന് കണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. പക്ഷെ ബിസിസിഐ ഇതുവരേയും വിലക്ക് നീക്കിയിട്ടില്ല. ഇതിനെതിരെയാണ് ഭുവനേശ്വരിയുടെ കത്ത്.
രാജ്യത്തെയാകെ ഇളക്കി മറിച്ച നിര്‍ഭയ കേസിലെ വീഴ്ച മറച്ച് വയ്ക്കാന്‍ പൊലീസ് സ്വയം മെനഞ്ഞെടുത്തതാണ് വാതുവയ്പ് കേസെന്നാണ് ഭുവനേശ്വരി ആരോപിക്കുന്നത്. ശ്രീശാന്തിനെ ബലിയാടാക്കുകയായിരുന്നു. ശ്രീശാന്ത് പണം വാങ്ങി വാതുവയ്പുകാര്‍ പറഞ്ഞത് പ്രകാരം 14 റണ്‍സ് വിട്ടു കൊടുത്തു എന്നു പറയുന്ന ഓവറില്‍ ശ്രീയെറിഞ്ഞ പന്തുകള്‍ വളരെ നല്ലതായിരുന്നുവെന്ന് മത്സരത്തിന്റെ കമന്ററികളില്‍ നിന്നു തന്നെ വ്യക്തമായിരുന്നുവെന്ന് ഭുവനേശ്വരി ചൂണ്ടിക്കാണിക്കുന്നു.
സംശയമുള്ളവര്‍ക്ക് കളിയുടെ വീഡിയോ പരിശോധിക്കാവുന്നതാണെന്ന് പറഞ്ഞ ഭുവനേശ്വരി, 13 റണ്‍സ് വിട്ടുകൊടുത്ത ഓവറില്‍ ബാറ്റ് ചെയ്തിരുന്നത് സാക്ഷാല്‍ ഗിൽ ക്രിസ്റ്റാണെന്നും ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ കേസില്‍ നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ടിട്ടും എന്തുകൊണ്ട് ബിസിസിഐ ശ്രീക്കെതിരെ നിലപാട് സ്വീകരിക്കുന്നുവെന്നും ചോദിക്കുന്നുണ്ട് ഭുവനേശ്വരി.
അതേസമയം, തങ്ങളുടെ അവകാശവാദം പോലെ അഴിമതിക്കെതിരെ സന്ധിയില്ലാത്തവരാണ് ബിസിസിഐയെങ്കില്‍ എന്തുകൊണ്ട് മുഗ്ധല്‍ കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ 13 താരങ്ങളുടെ പേരും പുറത്ത് വിടുന്നില്ലെന്നും അവര്‍ ചോദിക്കുന്നു. 10 ലക്ഷം രൂപയ്ക്ക് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രീശാന്ത് മുതിരുമോ എന്നും ഭുവനേശ്വരി ചോദിക്കുന്നു. 'ബുക്കി'യെന്ന് പൊലീസ് ആരോപിക്കുന്ന ജിജു രഞ്ജി ട്രോഫിയടക്കം കളിച്ചിട്ടുള്ള താരമാണെന്നും രാജ്യത്തിന് വേണ്ടി കളിക്കണമെന്ന് ആഗ്രഹമുള്ള അവനെ ശ്രീശാന്ത് പലപ്പോഴും സഹായിച്ചിട്ടുണ്ടെന്നും എംആര്‍എഫ് ഫൗണ്ടേഷനില്‍ വച്ചു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും അല്ലാതെ മറ്റ് ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും കത്തില്‍ പറയുന്നു.
ശ്രീശാന്തിനെ അറിയുന്നവര്‍ക്കെല്ലാം അദ്ദേഹം ഇത്തരത്തിലൊരു കൃത്യത്തിന് മുതിരില്ലെന്ന് അറിയാമെന്നും ശ്രീശാന്തിനെ തന്റെ ജീവിതം വീണ്ടും ജീവിക്കാന്‍ അനുവദിക്കണമെന്നും അതിനായി അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും ഭുവനേശ്വരി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Heart to Heart message for #SreeFam
A False accusation can ruin person's life. @sreesanth36#sreesanth#bb12#BigBoss12pic.twitter.com/j95JtvxtlT— Bhuvneshwari Sreesanth (@Bhuvneshwarisr1) November 27, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.