ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണി ഇതിഹാസ താരമാണെന്ന് ബോളര്‍ ഭുവനേശ്വര്‍ കുമാര്‍. ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20ക്ക് മുന്നോടിയായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണിയുടെ ഫോമിനെ ചോദ്യം ചെയ്യുന്നവര്‍ ആദ്യം അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ നോക്കണമെന്നും ജീവിച്ചിരിക്കുന്ന ക്രിക്കറ്റ് ഇതിഹാസമാണ് ധോണിയെന്നും ഭുവി പറഞ്ഞു.

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 പരാജയത്തിന് പിന്നാലെ​ ധോണിക്കെതിരെ മുന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണും അജിത് അഗാര്‍ക്കറും രംഗത്തെത്തിയിരുന്നു. ട്വന്റി 20യില്‍ ധോണിയുടെ സ്ഥാനത്ത് മറ്റൊരാളെ കണ്ടെത്തേണ്ട സമയമായെന്നായിരുന്നു ഇരുവരുടേയും പരാമര്‍ശം.. നാലാം സ്ഥാനത്ത് ഇറങ്ങുന്ന ധോണിക്ക് കളത്തില്‍ പണി എടുക്കാന്‍ സമയം ഏറെ വേണ്ടി വരുന്നെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

‘ശനിയാഴ്ചത്തെ കളി ശ്രദ്ധിച്ചാല്‍ അറിയാം. വലിയൊരു സ്കോര്‍ ലക്ഷ്യം വച്ച് ഇറങ്ങുമ്പോള്‍ ധോണി ഇഴയുകയാണ്. കോഹ്‌ലിയുടെ സ്ട്രൈക്ക് റൈറ്റ് 160 ആണ്. അതേസമയം, ധോണിയുടേത് 80 മാത്രം. ഇത്ര വലിയൊരു സ്കോര്‍ പിന്തുടരുമ്പോള്‍ അത് നല്ലൊരു രീതിയല്ല’, ലക്ഷ്മണ്‍ കുറ്റപ്പെടുത്തി.

“ട്വന്റി 20യില്‍ യുവതാരങ്ങള്‍ക്ക് ധോണി അവസരം നല്‍കേണ്ട സമയം ഇതാണെന്നാണ് എനിക്ക് തോന്നുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ആത്മവിശ്വാസം ലഭിക്കാന്‍ യുവതാരങ്ങള്‍ക്ക് ഇത് മുതൽക്കൂട്ടാകും. അതേസമയം, ധോണി ഏകദിന ക്രിക്കറ്റില്‍ ഒഴിവാക്കാനാവാത്ത താരമാണ്’ ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

‘ട്വന്റി 20യില്‍ എങ്കിലും ഇന്ത്യ പകരക്കാരനെ കണ്ടെത്തണം. ധോണിയുടെ ഏകദിനത്തിലെ പങ്കാളിത്തത്തില്‍ ഇന്ത്യന്‍ ടീം സന്തുഷ്ടരാണെന്ന് തോന്നുന്നു. ഒരു നായകനായി ഇരുന്നപ്പോഴുളള സാഹചര്യം അല്ല ഇത്. ഇപ്പോള്‍ അദ്ദേഹം ഒരു ബാറ്റ്സ്മാന്‍ മാത്രമാണ്. ട്വന്റി-20യിൽ ധോണിക്ക് പകരം മറ്റൊരാളെ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്നും’ അഗാക്കര്‍ വ്യക്തമാക്കി.

രണ്ടാം മത്സരത്തിൽ ഇന്ത്യ 40 റൺസിന് പരാജയപ്പെട്ടിരുന്നു. ആദ്യ 18 പന്തിൽ 16 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്. ഇതായിരുന്നു ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാനകാരണം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ