ന്യൂഡൽഹി: തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചെത്തിയ യുവ ഫുട്ബോൾ താരത്തിന് പിന്തുണയുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈയ്ചുങ് ബൂട്ടിയ. മജീദ് അർഷിദ് ഖാൻ എന്നെ ചെറുപ്പക്കാരനാണ് ലഷ്കറെ തയിബ ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് തിരികെയെത്തിയത്. തീവ്രവാദ ബന്ധം ഉപേക്ഷിച്ച മജീദ് അർഷിദ് ഖാന് മികച്ച പരിശീലനമാണ് ബൂട്ടിയ വാഗ്ദാനം ചെയ്തത്. മികച്ച പരിശീലനത്തിനായി തന്റെ ഫുട്ബോൾ അക്കാദമിയിലേക്ക് അർഷിദ് ഖാന് വരാമെന്ന് ബൂട്ടിയ ട്വീറ്റ് ചെയ്തു. തന്റെ വാഗ്ദാനം അർഷിദ് ഖാൻ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് ബൂട്ടിയ പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് കശ്മീരില്‍ നിന്നും ഭീകരവാദ ഗ്രൂപ്പായ ലഷ്കറെ തയിബയില്‍ ചേര്‍ന്ന പ്രാദേശിക ഫുട്ബോള്‍ താരം സുരക്ഷാ സേനയ്ക്ക് മുമ്പാകെ കീഴടങ്ങിയത്. 20കാരന് തന്റെ കുടുംബത്തെ വിളിച്ചാണ് കഴിഞ്ഞ ദിവസം കീഴടങ്ങാനുളള സന്നദ്ധത അറിയിച്ചത്. ഉത്തര കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ മാജിദ് ഖാന് ഭീകരവാദ സംഘടനയില്‍ ചേര്‍ന്നത് താഴ്വരയില് ആശങ്ക സൃഷ്ടിച്ചിരുന്നു.
കശ്മീരിലെ പേരുകേട്ട ഫുട്ബോള്‍ താരവും മികച്ച വിദ്യാർഥിയും ആയിരുന്നു മാജിദ്. ഇതൊരു നല്ല സൂചനയാണെന്നും കീഴടങ്ങിയ മാജിദിന് സാധാരണ ജീവിതത്തിലേക്ക് വരാന്‍ സഹായിക്കുമെന്നും മേജര്‍ ജനറല്‍ ബി.എസ്.രാജു പറഞ്ഞു.
ഉത്തര കശ്മീരിലെ സുരക്ഷാ സൈനിക ക്യാംപിലെത്തിയാണ് മാജിദ് ഖാന് കീഴടങ്ങിയതെന്നാണ് സൈനികവക്താക്കളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്ന മാജിദ് കഴിഞ്ഞ മാസമാണ് ലഷ്കറില് ചേര്‍ന്നതായുളള വിവരങ്ങള്‍ പുറത്തുവന്നത്. നേരത്തേ മകനോട് തിരിച്ചു വരാന്‍ മാതാവായ ആയിഷ ആവശ്യപ്പെട്ടിരുന്നത് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘തിരിച്ചു വന്ന് എന്നേയും നിന്റെ പിതാവിനേയും കൊന്നു കളഞ്ഞിട്ട് തിരിച്ച് പൊയ്ക്കോളൂ’ എന്നായിരുന്നു ആയിഷ അന്ന് പറഞ്ഞത്. ഖാന്റേയും ആയിഷയുടേയും ഏക മകനാണ് മാജിദ്. അനന്ത്നാഗ് കേന്ദ്രമായുളള ഫുട്ബോള്‍ ക്ലബ്ബിലെ മികച്ച ഗോൾ കീപ്പറായിരുന്നു മാജിദ്.