ലണ്ടൻ: ലയണൽ മെസിയെയും നെയ്മറിനെയും പിൻതള്ളി റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോകഫുട്ബോളർ പുരസ്കാരം സ്വന്തമാക്കി. റയല്‍ മാഡ്രിഡിന് ചാംന്പ്യൻസ് ലീഗ് കിരീടവും ലാലിഗയും നേടിക്കൊടുത്ത പ്രകടനമാണ് ക്രിസ്റ്റ്യാനോയെ വീണ്ടും പുരസ്കാരത്തിന് അർഹനാക്കിയത്. ബാഴ്സലോണയുടെ നെതർലൻഡ് താരം ലീക്ക് മാർട്ടിനസ് ആണു മികച്ച വനിത താരം.
റയലിന് ഇരട്ടിമധുരമായി സിനദിൻ സിദാനാണു മികച്ച പരിശീലകനുള്ള പുരസ്കാരം കരസ്ഥമാക്കിയത്. ചെൽസിയുടെ അന്റോണിയോ കോണ്ടെ, യുവെന്റസിന്റെ മാസിമിലിയാനോ അലഗ്രിയെയും മറികടന്നാണു സിദാൻ പുരസ്കാര ജേതാവായത്.
യുവന്റസ് താരം ജിയാൻ ല്യൂജി ബുഫൺ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. റയൽ മാഡ്രിഡ് താരം കെയ്ലർ നവാസ്, ബയേണ്‍ മ്യൂണിക് താരം മനുവൽ ന്യൂയർ എന്നിവരായിരുന്നു ഫിഫയുടെ അന്തിമ പട്ടികയിൽ. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ നേടിയ സ്കോർപിയൻ ഗോളിലൂടെ പുഷ്കാസ് ഗോൾ ഓഫ് ദി ഇയർ പുരസ്കാരം ആഴ്സണൽ താരം ഒളീവിയർ ജിറൂഡ് കരസ്ഥമാക്കി.
മറ്റു പുരസ്കാരങ്ങൾ ഇവയാണ്:
ഫിഫ ഫാൻ: സെൽറ്റിക് ക്ലബ് ആരാധകർ.
ഫെയര്‍ പ്ലേ: ഫ്രാൻസിസ് കോൻ(ടോംഗോ).
ഫിഫ ഫിഫ്പ്രോ ലോക ഇലവൻ: ബുഫൺ(ഗോളി), ബൊനൂച്ചി, ആൽവസ്, സെര്‍ജിയോ റാമോസ്, മാര്‍സെലോ(കാവല്‍നിര), ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയേസ്റ്റ(മധ്യനിര), മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ (മുന്നേറ്റനിര).