ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ അവിസ്മരണീയമായ ഫീൽഡിങ് പ്രകടനവുമായി ആരാധകരെ ഞെട്ടിച്ചിട്ടുള്ള രണ്ട് താരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും. വായുവിൽ പറന്നും ഉന്നം തെറ്റാതെ വിക്കറ്റ് തെറിപ്പിച്ചും പലപ്പോഴും ഇന്ത്യൻ വിജയമൊരുക്കിയ താരങ്ങളിൽ നിന്ന് ആരാണ് മികച്ചതെന്ന തിരഞ്ഞെടുപ്പ് അസാധ്യമായിരിക്കും. രാജ്യാന്തര ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച രണ്ട് താരങ്ങളിൽ നിന്ന് അത്തരമൊരു തിരഞ്ഞെടുപ്പ് വലിയ സംവാദവിഷയം തന്നെയാണ്. ആ ചർച്ചയ്ക്ക് ഏറ്റവും ഒടുവിൽ ഇന്ത്യൻ നായകൻ തന്നെ ഉത്തരം നൽകിയിരിക്കുകയാണ്.
Also Read: ചെന്നൈ-മുംബൈ ടീമുകളെ ചേർത്തൊരു ഐപിഎൽ ഇലവൻ; ഓപ്പണർമാരായി ഇതിഹാസങ്ങൾ
പ്രമുഖ സ്പോർട്സ് ടെലികാസ്റ്റേഴ്സ് ആയ സ്റ്റാർ സ്പോർട്സാണ് ആരാധകർക്കായി അത്തരത്തിലൊരു ചോദ്യം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. “സ്റ്റമ്പിളക്കി നിങ്ങളുടെ ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് ഒരു അവസരം മാത്രമേ ഉള്ളെങ്കിൽ, നിങ്ങൾ ആരെ തിരഞ്ഞെടുക്കും – ജഡ്ഡു അല്ലെങ്കിൽ വിരാട്? ” ആരാധകരോടുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ ഉടനെ തന്നെ വിരാട് കോഹ്ലിയെത്തി. താൻ ജഡേജയെ തിരഞ്ഞെടുക്കുമെന്നായിരുന്നു വിരാടിന്റെ മറുപടി.
Also Read: ഏറ്റവും ശക്തനായ ബാറ്റ്സാമാനും മികച്ച ഫിനിഷറും ധോണി തന്നെ: ഗ്രെഗ് ചാപ്പൽ
തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്ന് തന്നെയാണ് വിരാട് കോഹ്ലി മറുപടി നൽകിയത്. “ജഡ്ഡു. എല്ലായ്പ്പോഴും. എല്ലാ സംവാദങ്ങളുടെയും അവസാനം,” കോഹ്ലി മറുപടിയായി കുറിച്ചു.
Also Read: നിങ്ങളാഗ്രഹിക്കുന്നതെന്തും ഞാൻ തരാം, ഇനി അത് വേണ്ട; ഓസിസ് ഇതിഹാസത്തിന് മുന്നിൽ ധോണി വച്ച ഓഫർ
നേരത്തെ ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ.ശ്രീധറും ജഡേജയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മത്സരത്തിൽ എതിരാളികളെ ഫീൽഡ് ചെയ്യുമ്പോൾ മുൾമുനയിൽ നിർത്തുന്ന ഫീൽഡർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജയെന്നായിരുന്നു ശ്രീധറിന്റെ വാക്കുകൾ. കഴിഞ്ഞ ദശകത്തിൽ ടീം ഇന്ത്യയ്ക്കായി കളിച്ച ഏറ്റവും മികച്ച ഫീൽഡറാണ് അദ്ദേഹമെന്നും ശ്രീധർ അഭിപ്രായപ്പെട്ടിരുന്നു.
Also Read: സച്ചിനില്ലാതെ അഫ്രീദിയുടെ എക്കാലത്തെയും മികച്ച ഏകദിന ലോകകപ്പ് ഇലവൻ; ഇന്ത്യയിൽ നിന്ന് ഒരു താരം
ദി കംപ്ലീറ്റ് ഓൾറൗണ്ടർ എന്ന പേരിലാണ് ക്രിക്കറ്റ് ലോകത്തും ജഡേജ അറിയപ്പെടുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും മാത്രമല്ല ഫീൽഡിങ്ങിലും ടീമിനായി എല്ലാം നൽകുന്ന മികച്ച താരമാണ് ജഡേജ. ഒരു ക്യാച്ചിലൂടെയും റൺഔട്ടിലൂടെയും മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള താരം. രാജ്യാന്തര ക്രിക്കറ്റിലേത് പോലെ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിലും താരത്തിന്റെ മികച്ച ക്യാച്ചുകൾക്കും ത്രോകൾക്കും കാണികൾ സാക്ഷിയായിട്ടുണ്ട്.