ക്രിക്കറ്റിൽ പ്രകടനങ്ങൾ എന്നത് പോലെ തന്നെ നിർണായകമാണ് തീരുമാനങ്ങളും. തോൽവിയുടെ വക്കത്ത് നിന്നും ടീമിനെ വിജയത്തിലെത്തിക്കാൻ വരെ കഴിവുള്ള നിർണായകമായ തീരുമാനങ്ങൾ. മൈതാനത്ത് അത്തരത്തിൽ നിർണായക തീരുമാനങ്ങളെടുക്കുന്ന പ്രധാന വ്യക്തി നായകനാണ്. ടീമനുവേണ്ടി തീരുമാനങ്ങളെടുക്കാൻ മാത്രമല്ല ഒരു മനസോടെ മുന്നോട്ട് നയിക്കുമ്പോഴുമാണ് നായകൻ ജനിക്കുന്നു. അത്തരത്തിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഞ്ച് നായകന്മാർ ആരൊക്കെയെന്ന് നോക്കാം.
എം.എസ്.ധോണി
ക്യാപ്റ്റൻ കൂളെന്ന പേരിൽ അറിയപ്പെടുന്ന മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി ഒരു മികച്ച നായകനായിരുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അതിന് പ്രധാന കാരണം ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ കൊയ്ത വലിയ നേട്ടങ്ങൾ തന്നെയാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും നായകനെന്ന നിലയിൽ ഒരുപാട് റെക്കോർഡുകൾ തന്റെ പേരിൽ എഴുതി ചേർത്ത താരമാണ് ധോണി.
2007ൽ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായാണ് ധോണി ഇന്ത്യയുടെ നായകസ്ഥാനത്ത് എത്തുന്നത്. ശ്രീലങ്കയ്ക്കെതിരെയും ന്യൂസിലൻഡിനെതിരെയും പരമ്പരനേട്ടവുമായി തുടങ്ങിയ ധോണി ഇന്ത്യയ്ക്ക് പ്രഥമ ടി20 ലോകകപ്പും നേടിതന്നു. 2007-2008 സിബി സീരിസ് നേടിയ ധോണി 2009ൽ ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് എത്തിച്ചു. 2010ൽ ഏഷ്യ കപ്പും 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാംപ്യൻസ് ട്രോഫിയും ഇന്ത്യ നേടിയത് ധോണിയുടെ നേതൃത്വത്തിലാണ്.
സൗരവ് ഗാംഗുലിയുടെ 21 ടെസ്റ്റ് വിജയമെന്ന റെക്കോർഡ് തിരുത്തിയ ധോണി 40 വർഷത്തിന് ശേഷം ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ നായകനുമായി. ഐപിഎല്ലിലും ധോണിയുടെ നായക മികവ് ഏവരും കണ്ടതാണ്. പല ഇതിഹാസങ്ങളും ധോണിയുടെ നായകത്വത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
സൗരവ് ഗാംഗുലി
ദാദ (മുതിർന്ന സഹോദരൻ) എന്ന പേരിൽ അറിയപ്പെടുന്ന സൗരവ് ഗാംഗുലിയും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ്. ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ മറുപേരായി പോലും ഗാംഗുലിയെകണ്ടു. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ ആഭ്യന്തര ടൂർണമെന്റുകളിലൂടെ വളർന്ന് വന്ന ഗാംഗുലി ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറിയിലൂടെയാണ് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കുന്നത്.
2000ൽ വാതുവയ്പ്പ് വിവാദത്തെ തുടർന്ന് പല മുതിർന്ന താരങ്ങളും തിരശീലയ്ക്ക് പിന്നിൽ പോയത് മുതലാണ് ഗാംഗുലിയുടെ വളർച്ച വ്യക്തമായി തുടങ്ങിയത്. മോശം ശാരീരിക അവസ്ഥകളെ തുടർന്ന് സച്ചിൻ നായകസ്ഥാനം ഒഴിയുക കൂടി ചെയ്തതോടെ ഗാംഗുലി ഇന്ത്യൻ നായകന്റെ പട്ടമണിഞ്ഞു. വരവ് വെറുതെയായില്ല കളിച്ച 49 ടെസ്റ്റ് മത്സരങ്ങളിൽ 21ലും ജയം, അതിൽ തന്നെ 11 എണ്ണം വിദേശമണ്ണിലും. അന്നത്തെ ഇന്ത്യൻ ടീമിന് നേടാവുന്നതിലും അപ്പുറമായിരുന്നു ആ ഫലം.
എട്ടാം റാങ്കിങ്ങിൽ ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കാനും ഗാംഗുലിക്ക് ആയി. പല യുവതാരങ്ങളുടെയും വളർച്ചയിലും ഗാംഗുലിയുടെ പങ്ക് വ്യക്തമായിരുന്നു.
മുഹമ്മദ് അസറുദ്ദീൻ
നിലവിൽ രാഷ്ട്രീയ രംഗത്ത് സജീവമായ മുഹമ്മദ് അസറുദ്ദീൻ 90കളിൽ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. വാതുവയ്പ്പ് വിവാദത്തെ തുടർന്ന് ബിസിസിഐയുടെ ആജീവനന്ത വിലക്ക് നേരിട്ട താരം എന്നാൽ കളത്തിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ്.
അസറുദ്ദീന്റെ നേതൃത്വത്തിൽ നിരവധി ഏകദിന ജയങ്ങൾ ഇന്ത്യ സ്വന്തമാക്കി. സൗരവ് ഗാംഗുലി 21 ടെസ്റ്റ് മത്സരങ്ങൾ ജയിക്കുന്നത് വരെ അസറുദ്ദീന്റെ 14 മത്സര വിജയങ്ങളാണ് ഇന്ത്യൻ റെക്കോർഡ്. വെടിക്കെട്ട് ബാറ്റിങ്ങിനൊപ്പം ചോരാത്ത ഫീൾഡിങ്ങും ഉറച്ച തീരുമാനങ്ങളും അസറുദ്ദീനെ ഇന്ത്യൻ നായകസ്ഥാനത്ത്
കപിൽ ദേവ്
ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകനെന്ന പേരിലാണ് കപിൽ ദേവ് ക്രിക്കറ്റ് ചരിത്രത്തിൽ അറിയപ്പെടുന്നത്. 1983ൽ കപിൽ ദേവിന്റെ ചെകുത്താന്മാർ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച പ്രുഡെൻഷ്യൽ കപ്പ് ഉയർത്തിയപ്പോൾ പിറന്നത് പുതിയ ചരിത്രമാണ്. രാജ്യത്ത് പുതിയ ക്രിക്കറ്റ് വിപ്ലവത്തിനാണ് ഇത് തുടക്കം കുറിച്ചത്.
ഒരു ഓൾറൗണ്ട് നായകനെന്ന നിലയിലാണ് കപിൽ ദേവ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ടവനാകുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ കപിൽ ടീമിനെ വിജയത്തിലെത്തിക്കാനും ശ്രദ്ധാലുവായിരുന്നു.
വിരാട് കോഹ്ലി
എം.എസ്.ധോണിക്ക് ശേഷം ഇന്ത്യൻ നായകനാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെയുണ്ടായിരുന്നുള്ളു, അണ്ടർ 19 ലോകകിരീടം ഇന്ത്യയിലെത്തിച്ച വിരാട് കോഹ്ലി. സീനിയർ ടീമിനെയും വിജയത്തിലേക്ക് നയിക്കുന്നതിന് വിരാടിന് സാധിച്ചു. ആദ്യം ടെസ്റ്റ് ടീം നായകനായി കോഹ്ലി പിന്നീട് മൂന്ന് ഫോർമാറ്റുകളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തു. നിലവിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ച നായകൻ കോഹ്ലിയാണ്. ഇന്ത്യയെ ഒന്നാം റാങ്കിങ്ങിൽ നിലനിർത്തുന്നതിലും കോഹ്ലിപ്പടയ്ക്ക് സാധിക്കുന്നു എന്നത് വലിയ നേട്ടം തന്നെയാണ്.
കിരീട നേട്ടങ്ങളൊന്നും വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ അക്കൗണ്ടിലെത്തിയില്ല. എന്നാൽ തുടർച്ചയായ പരമ്പര ജയങ്ങളും ബാറ്റിങ്ങിലും ബോളിങ്ങിലുമെല്ലാം തുടരുന്ന ഇന്ത്യൻ ആധിപത്യവും കോഹ്ലി കാലഘട്ടത്തിന്റെ പ്രത്യേകതകളാണ്.