/indian-express-malayalam/media/media_files/uploads/2018/02/3K6ImqwUgq.jpg)
കൊച്ചി: കൂനിന്മേല്‍ കുരു എന്ന് പറഞ്ഞത് പോലെയായിരുന്നു കുറച്ചുകാലമായി കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ അവസ്ഥ. ഏറെ ആഘോഷിക്കപ്പെട്ട റെനെ മ്യൂലെന്‍സ്റ്റീന്‍ പാതിവഴിയില്‍ ക്ലബ് ഉപേഷിച്ച് പോയതിന് പുറമേ സൂപ്പര്‍ താരം ബെര്‍ബയ്ക്ക് പരുക്കും ഏറ്റു. സീസണിലെ പകുതി കളി ബാക്കിനില്‍ക്കെയാണ് പ്രതീക്ഷ മങ്ങിയൊരിടത്ത് നിന്നും കേരളത്തിനെ പിടിച്ചുയര്‍ത്താനായി ഡേവിഡ് ജെയിംസ് മടങ്ങിവരുന്നത്. മുഖ്യ പരിശീലകനായി സ്ഥാനമേറ്റ ശേഷം ടീമില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇംഗ്ലീഷുകാരന് കഴിഞ്ഞുവെങ്കിലും ബെര്‍ബറ്റോവ് എന്ന സൂപ്പര്‍ താരത്തിന്‍റെ അസാന്നിദ്ധ്യം ആരാധകരെ നിരാശരാക്കുന്നുണ്ടായിരുന്നു. എന്നാല്‍ ബെര്‍ബയ്ക്ക് പരുക്ക് ഭേദമായി വരുന്നു എന്ന സൂചനയാണ് കേരളാ ബ്ലാസ്റ്റേഴ്‍സ് പരിശീലകനില്‍ നിന്നും അവസാനമായി ലഭിക്കുന്നത്.
"ദിമിറ്റര്‍ ബെര്‍ബറ്റോവ് മികച്ച രീതിയില്‍ തന്നെയാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്" എന്നായിരുന്നു ബെര്‍ബറ്റോവിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞത്.
പുതിയ സൈനിങ്ങായി ബ്രസീലിയന്‍ താരം നില്‍മര്‍ ബ്ലാസ്റ്റേഴ്‍സിലേക്ക് വരുന്നു എന്ന അഭ്യൂഹങ്ങളെ കുറിച്ച് ആരാഞ്ഞപ്പോള്‍ അതിനെ ചിരിച്ചു തള്ളുകയാണ് കോച്ച് ചെയ്തത്. 'നമ്മള്‍ നെയ്‌മറിന് പിന്നാലെയാണ്. പക്ഷെ കരാറിന്‍റെ ചില പ്രശ്നങ്ങളുണ്ട്. ഒരു അഞ്ഞൂറ് മില്യന്‍റെ പ്രശ്നമാണത്." ചോദ്യത്തെ നര്‍മത്തില്‍ പൊതിഞ്ഞ സംഭാഷണത്തില്‍ പ്രതിരോധിച്ച ഡേവിഡ് ജെയിംസ് ട്രാന്‍സ്ഫര്‍ വിന്‍ഡോ ഇപ്പോഴും തുറന്നിരിക്കുകയാണ് എന്നും ആരെയൊക്കെയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല എന്നും അറിയിച്ചു.
ഇന്നത്തെ മൽസരത്തില്‍ പുണെയാണ് കേരളത്തിന്‍റെ എതിരാളി. പുണെയെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രത്തിന്‍റെ കാര്യത്തില്‍ ഏറെ ആത്മവിശ്വാസത്തിലാണ് ഡേവിഡ് ജെയിംസ്. "വിശാല്‍ കെയ്ത് (പുണെ ഗോള്‍കീപ്പര്‍) കഴിവുള്ള ഗോള്‍കീപ്പറാണ്. പക്ഷെ അദ്ദേഹത്തിന്‍റെ പോരായ്മകള്‍ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. തീര്‍ച്ചയായും അതിനനുസരിച്ചാകും കളി മുന്നോട്ടു പോവുക" മുന്‍ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ പറഞ്ഞു.
ടീമിലെ എല്ലാ താരങ്ങളും കളിക്കാന്‍ ഫിറ്റാണ് എന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജര്‍ അറിയിക്കുന്നത്. "ആരാണ് ആദ്യ ഇലവനില്‍ ഉണ്ടാവുക, ആരെയാണ് ഒഴിവാക്കേണ്ടത് എന്ന കാര്യത്തില്‍ ഒരുപാട് സംശയങ്ങളുണ്ട്." കഴിവുറ്റ ഒട്ടനവധി താരങ്ങളുണ്ട് സ്ക്വാഡില്‍ എന്ന് ഡേവിഡ് ജെയിംസ് കൂട്ടിച്ചേര്‍ത്തു. ഇനിയുള്ള എല്ലാ കളികളിലും ജയിക്കുകയാണ് എങ്കില്‍ മാത്രമേ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് കടന്നുകിട്ടൂ. ജയിക്കുന്നതിന് പുറമേ ഗോള്‍ കമ്മി നികത്തുക എന്ന ദൗത്യവും ബ്ലാസ്റ്റേഴ്സിന് മുന്നില്‍ വെല്ലുവിളിയാകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.