ഛേത്രിയുടെ ഗോളില്‍ വീണ്ടും ബെംഗളൂരു; ബി‌എഫ്‌സി ഒന്നാംസ്ഥാനത്ത്

ഇന്നത്തെ വിജയത്തോടെ ഒമ്പത് റൗണ്ട് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 18 പോയന്‍റുമായി ബെംഗളൂരു എഫ്‌‌സി വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ബെംഗളൂരു : സുനില്‍ ഛേത്രിയുടെ മികച്ചൊരു ഗോളില്‍ ബെംഗളൂരു എഫ്സിക്ക് വിജയം. 39ാം മിനുട്ടില്‍ എറ്റികെയുടെ പ്രതിരോധ നിരയേയും ഗോള്‍ കീപ്പറേയും നിഷ്പ്രഭമാക്കികൊണ്ട് ബെംഗളൂരു നായകന്‍ കണ്ടെത്തിയ ഗോളിലൂടെ ബെംഗളൂരു വീണ്ടും പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരും ഏഴാം സ്ഥാനക്കാരും തമ്മിലുള്ള മത്സരമാണ് ഇന്ന്. ലീഗില്‍ മികച്ച രീതിയില്‍ അരങ്ങേറ്റംകുറിച്ച ബെംഗളൂരു കഴിഞ്ഞ കളിയില്‍ നിന്നും അധികം മാറ്റമൊന്നും ഇല്ലാതെയാണ് ഇന്ന് മൈതാനത്തിലിറങ്ങിയത്. സുനില്‍ ഛേത്രിയും ഉദാന്താ സിങ്ങും മിക്കുവും ബെംഗളൂരുവിന്‍റെ മുന്നേറ്റനിരയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ സെക്വീനയും റോബി കീനും റോബിന്‍ സിങ്ങും അടങ്ങിയ അക്രമനിരയുമായാണ് എറ്റികെ ഇറങ്ങുന്നത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ ഗുര്‍പ്രീത് സിങ്ങ് സന്ധു മടങ്ങിയെത്തി എങ്കിലും ഡിഫന്‍ഡര്‍ ജോണ്‍ ജോണ്‍സണ്‍ ഇല്ല എന്ന പോരായ്മ ബെംഗളൂരു പ്രതിരോധത്തെ അലട്ടും. നേരെ മറിച്ച് എറ്റികെയ്ക്ക് മെച്ചപ്പെട്ടൊരു പ്രതിരോധ നിരയുണ്ട് എങ്കിലും ബെംഗളൂരുവിന്‍റെ തുടരെ തുടരെയുള്ള അക്രമങ്ങളും പാസിങ് ഗെയിമും അവരെ അലട്ടും.

ഇരുടീമുകളും മുന്നോട്ടു വെക്കുന്നത് അക്രമ ശൈലിയിലുള്ള ഫുട്ബാള്‍ ആകും എന്നാണ് കളിയാരാധകരുടെ പ്രതീക്ഷ. കളി തുടങ്ങിയത് മുതല്‍ ആതിഥേയരായ ബെംഗളൂരു അക്രമത്തിലൂന്നിയൊരു കളി പുറത്തെടുക്കുന്ന കാഴ്ചയാണ് കണ്ടത്. 3ാം മിനുട്ടിലും 5ാംമിനുട്ടിലും എറ്റികെ പോസ്റ്റില്‍ ഭീഷണി ഉയര്‍ത്തുന്നവിധം സമ്മര്‍ദ്ദം നല്‍കാന്‍ ബെംഗളൂരുവിന് കഴിഞ്ഞു. 7ാം മിനുറ്റ് മുതല്‍ കളിയുടെ വേഗത കുറച്ച കൊല്‍ക്കത്ത ടീം കൂടുതല്‍ സമയം പന്ത് കൈവശപ്പെടുത്താനാണ് ശ്രമിക്കുന്നത്.

11ാം മിനുട്ട് ആകുമ്പോഴേക്കും എറ്റികെ തുടര്‍ച്ചയായി കണ്ടെത്തിയ രണ്ടാം കോര്‍ണര്‍ അപകടമാം വിധം ബെംഗളൂരുവിനെ സമ്മര്‍ദത്തിലാക്കുന്നു. ഗുര്‍പ്രീതിന് മിസ്സായ പന്ത് ഗോലാക്കാന്‍ അതിഥികള്‍ ശ്രമിച്ചങ്കിലും ഷോട്ട് ഏറ്റില്ല. ഒന്നര മിനുട്ടിനുള്ളില്‍ തന്നെ ബെംഗളൂരു ഒരു മികച്ച കൗണ്ടര്‍ അറ്റാക്ക് കണ്ടെത്തുന്നു. എഡു ഗാര്‍ഷ്യയും പാര്‍ത്താലുവും തമ്മില്‍ നടന്ന വേഗതയേറിയ ഒരു 1-1 പന്ത് കൈമാറ്റം എറ്റികെ പോസ്റ്റില്‍ വച്ച് നിഷ്പ്രഭമാകുന്നു. മൂന്ന് പ്രതിരോധ താരങ്ങള്‍ ചേര്‍ന്ന് പാര്‍ത്താലുവിനെ തടുത്ത് നിര്‍ത്തുകയായിരുന്നു.

കീഗന്‍ പെരേരയും ശങ്കര്‍ സമ്പിങ്ങിരാജും റോബിന്‍ സിങ്ങും അടക്കം മൂന്ന് മുന്‍ ബെംഗളൂരു എഫ്‌സി താരങ്ങള്‍ എറ്റികെയുടെ ആദ്യ പതിനൊന്നില്‍ ഇടംപിടിച്ചു എന്നതിന് പുറമേ. ബെംഗളൂരു എഫ്സിയുടെ കോച്ചിങ് ഇതിഹാസമായി ക്ലബ്ബും ആരാധകരും കണക്കാക്കുന്ന ആഷ്ലി വെസ്റ്റ്‌വുഡ് എറ്റികെയുടെ സഹ പരിശീലകനായി ബെംഗളൂരുവില്‍ എത്തി എന്നൊരു പ്രത്യേകത കൂടിയുള്ള കളിയാണ് ഇത്. സുനില്‍ ഛേത്രിയും ഉദാന്തയും അടങ്ങുന്ന ബെംഗളൂരു നിരയിലെ പല താരങ്ങളെയും പരിശീലിപ്പിച്ചിട്ടുള്ള ആഷ്ലിയുടെ തന്ത്രങ്ങള്‍ എറ്റികെയ്ക്ക് ഉപകാരപ്പെടുമോ എന്നത് ഇന്നത്തെ കളിയുടെ ആകാംക്ഷ കൂട്ടുന്ന മറ്റൊരു കാര്യമാണ്. ആഷ്ലിക്ക് ശേഷം വന്ന ആല്‍ബര്‍ട്ട് റോക്കോ മികച്ച രീതിയില്‍ തന്നെയാണ് ബംഗളൂരുവിനെ നയിച്ചത്. മുന്‍ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ടെറി ഷെറിങ്ഹാം ആണ് കൊല്‍ക്കത്ത ടീം കോച്ച്.

സമയം അരമണിക്കൂറില്‍ എത്തിനില്‍ക്കുമ്പോഴേക്കും കളി കൂടുതല്‍ പ്രതിരോധത്തില്‍ ഊന്നുന്ന കാഴ്ചയാണ് കാണുന്നത്. 26ാം മിനുട്ടില്‍ ബെംഗളൂരു പ്രതിരോധത്തെ കടത്തി മുറിച്ചു കൊണ്ട് സെക്വീന ഉണ്ടാക്കിയ മികച്ചൊരു അവസാനം ഫിനിഷിങ്ങില്‍ പിഴക്കുന്നു. റോബി കീന്‍ ഒഴിവാക്കിയ പന്ത് റൂപര്‍ട്ട് പോസ്റ്റ്‌ ലക്ഷ്യമാക്കി അടിച്ചുവെങ്കിലും ബെംഗളൂരു പ്രതിരോധം അത് ബ്ലോക്ക് ചെയ്യുകയായിരുന്നു. 31ാം മിനുട്ടില്‍ ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് രണ്ട് തവണ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ഗോളാകാതെ പോകുന്നു. ആദ്യ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി പ്രതിഫലിച്ചപ്പോള്‍ രണ്ടാമത്തെ ഷോട്ട് ഗോള്‍ വരയ്ക്ക് ഇഞ്ചുകള്‍ മാറി എറ്റികെ പ്രതിരോധം രക്ഷപ്പെടുത്തുന്നു.

35ാം മിനുട്ടില്‍ ബോക്സിനടുത്ത് വച്ച് റോബി കീനിനെ ഫൗള്‍ ചെയ്തുകൊണ്ട് രാഹുല്‍ ഭേകെ എറ്റികേയ്ക് ഒരു അവസരം നല്‍കിയെങ്കിലും സെറ്റ് പീസില്‍ അതിഥികള്‍ക്ക് പിഴച്ചു. തൊട്ടു പിന്നാലെ 39ാം മിനുട്ടില്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു ആദ്യ ഗോള്‍ കണ്ടെത്തുന്നു. എറ്റികെ മധ്യനിര താരം കോണോര്‍ തോമസ്‌ നഷ്ടപ്പെടുത്തിയ പന്തുമായി ഏതാനും അടി മുന്നേറിയ ഛേത്രി മികച്ചൊരു ഷോട്ട് കണ്ടെത്തുകയായിരുന്നു. ബെക്കാം കിക്കുകളെ അനുസ്മരിപ്പിച്ച കേര്‍വ് ഷോട്ട് ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂംദാറിനെ കവച്ചുവെച്ചുകൊണ്ട് അകത്തേക്ക് !

ആദ്യ പകുതിയില്‍ കളി പിരിയുമ്പോള്‍ ഛേതരിയുടെ ഒരു ഗോളിന്‍റെ ബലത്തില്‍ ബെംഗളൂരു ആധിപത്യം നിലനിര്‍ത്തി. രണ്ടാം പകുതിയില്‍ കളി തുടരുമ്പോള്‍ രണ്ട് മാറ്റങ്ങളുമായാണ് എറ്റികെ ഇറങ്ങിയത്. ശങ്കര്‍ സമ്പിങ്ങിരാജിന് പകരം ബിപിന്‍ സിങ്ങിനെ ഇറക്കി മധ്യനിരയില്‍ അഴിച്ചുപണി നടത്തുന്നതോടൊപ്പം സെക്വീനയ്ക്ക് പകരം ടൈലറേയും കളത്തിലിറക്കി. മുന്നേറ്റനിരയില്‍ രണ്ടു താരങ്ങളെ അണിനിരത്തി കൊണ്ട് മധ്യനിര സുശക്തമാക്കുന്നതാണ് എറ്റികെ തന്ത്രം.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ടൈലര്‍ റോബി കീനിലൂടെ മികച്ച മുന്നേറ്റം പടുത്തുയര്‍ത്താന്‍ എറ്റികെ ശ്രമിക്കുമ്പോള്‍ തന്നെ എറ്റികെയുടെ വിങ്ങുകളിലൂടെ പ്രതിരോധതാരങ്ങളെ നോക്കുകുത്തിയാക്കി നിര്‍ത്തിക്കൊണ്ടാണ് ഉദാന്താ സിങ് മുന്നേറുന്നത്. അപകടകരമാം വിധം മെനഞ്ഞെടുക്കുന്ന ബെംഗളൂരു മുന്നേറ്റങ്ങള്‍ ചെറുതല്ലാത്ത വിധം എറ്റികെയെ പരുങ്ങലിലാക്കുന്നു.

നിരന്തരമായ ബെംഗളൂരു അക്രമങ്ങള്‍ക്കാണ് രണ്ടാം പകുതി സാക്ഷ്യം വഹിച്ചത്. ഉദാന്താ സിങ്ങിനും സുനില്‍ ഛേത്രിക്കും പുറമേ മിക്കുവും എഡു ഗാര്‍ഷ്യയും നിരന്തരമായി എറ്റികെ പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കി. 59ാം മിനുട്ടില്‍ റോബി കീനിലൂടെ എറ്റികെ നേടിയെടുത്ത ഒരു ഷോട്ടും, 61ാം മിനുട്ടില്‍ എറിക് പാര്‍ത്താലുവിന്‍റെ ഷോട്ടും ഗോള്‍ കീപ്പര്‍മാര്‍ തടുത്തു. 76ാം മിനുട്ടില്‍ ഉദാന്തയെ പിന്‍വലിച്ച് ആല്‍വിന്‍ ജോര്‍ജിനെ ഇറക്കി ബെംഗളൂരു ആദ്യ മാറ്റംവരുത്തിയതിന് പിന്നാലെ റോബിന്‍ സിങ്ങിന് പകരം ഹിതേഷ് ശര്‍മയെ ഇറക്കിക്കൊണ്ട് എറ്റികെ അവസാന സബ്സ്റ്റിറ്റ്യൂഷനും തീരത്തു. അല്‍പ സമയത്തിനകം തന്നെ ബ്രൗളിയോയും പരുക്ക് ഭേദമായ സ്റ്റാര്‍ ഡിഫന്‍ഡര്‍ ജോണ്‍ ജോണ്‍സണും പകരക്കാരായി ഇറങ്ങി.

70 മുതല്‍ 80 മിനുട്ടിനിടയില്‍ ഏതാണ്ട് അഞ്ചോളം അവസരങ്ങളാണ് ബെംഗളൂരുവിനുണ്ടായത്. എറ്റികെയുടെ ആത്മവിശ്വാസം പാടെ തകര്‍ന്നതായി അനുഭവപ്പെടുമ്പോള്‍ ബെംഗളൂരുവിന് ഭാഗ്യക്കെടുകള്‍ ഒന്ന് കൊണ്ട് മാത്രമാണ് പല അവസരങ്ങളും ഗോലാകാതെ നഷ്ടമായത്. 81ാം മിനുട്ടില്‍ പാര്‍ത്താലുവിന്‍റെ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ ദേബ്ജിത് മജൂംദാര്‍ മികച്ചൊരു ഡൈവിലൂടെ രക്ഷപ്പെടുത്തുന്നു. 90ാം മിനുട്ട് അധികസമയത്തിലേക്ക് കടക്കുമ്പോഴും കൊല്‍ക്കത്തയ്ക്ക് മികച്ചൊരു ഫിനിഷിങ് കണ്ടെത്താനായില്ല എന്ന് വേണം പറയാന്‍. ബെംഗലൂരുവിന്‍നൊരുങ്ങിയ ഒന്ന് രണ്ട് ഇകച്ച അവസരങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്നതാണ് എറ്റികെയുടെ ഈ കളിയിലെ സമ്പാദ്യം. മികച്ചൊരു പ്രതിരോധ നിറയും ഭേദപ്പെട്ട മധ്യനിരയും ഉണ്ടായിട്ടും വിലയേറിയ സ്ട്രൈക്കര്‍മടങ്ങിയ എറ്റികെ ഫിനിഷിങ്ങില്‍ പരാജയപ്പെടുകയായിരുന്നു. നായകന്‍റെ തോളിലേറി ബെംഗളൂരുവിന് മറ്റൊരു വിജയം.

ഇന്നത്തെ വിജയത്തോടെ ഒമ്പത് റൗണ്ട് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 18 പോയന്‍റുമായി ബെംഗളൂരു എഫ്‌‌സി വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Benvsatk isl benkol isl live

Next Story
തോരാത്ത മഴ; കേപ്ടൗൺ ടെസ്റ്റിന്റെ മൂന്നാംദിനം ഉപേക്ഷിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com