പൂനെ : ഇന്ത്യന്‍ സൂപ്പര്‍ ലീഗ്റെ നാലാം സീസണിന്‍റെ ആദ്യപാദ സെമി ഫൈനലില്‍ ഗോള്‍ രഹിതമായ് പിരിഞ്ഞു. പൂനെയിലെ ബാലെവാഡി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ മുതലെടുക്കാനായില്ല.

ബെംഗളൂരു എഫ്സിയുടെ ആദ്യ ഇലവനില്‍ ഉദാന്താ സിങ്ങിന് പകരം ഹയോകിപ് ഇടം നേടിയപ്പോള്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ് പൂനെ സിറ്റി ഇറങ്ങിയത്. അലക്ഷ്യമായ് ആരംഭിച്ച കളിയില്‍ ഇരു ടീമുകളും താളം കണ്ടെത്താന്‍ അല്‍പം ബുദ്ധിമുട്ടി. സീസണില്‍ ഉടനീളം അക്രമാസക്തമായ കളി പുറത്തെടുത്ത ടീമുകള്‍ക്ക് ആദ്യ പതിനഞ്ച് മിനുട്ടില്‍ മികച്ച ഒരു അവസരം പോലും ഉണ്ടാക്കാനായില്ല. വിങ്ങുകളിലൂടെ മുന്നേറ്റം തീര്‍ക്കാനാണ് പൂനെ മാനേജര്‍ ആന്‍റോണിയോ ഹബ്ബാസ് തുടക്കം മുതല്‍ ശ്രമിച്ചത്. എന്നാല്‍ പോയന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരുവിനെ സമ്മര്‍ദത്തിലാക്കാന്‍ പൂനെ ക്രോസുകള്‍ക്ക് സാധിച്ചില്ല.

സസ്പെന്‍ഷനിലായിരുന്ന സെന്‍റര്‍ ബാക്കുകള്‍ ഹുവാനനും ജോണ്‍ ജോണ്‍സണും മടങ്ങിയെത്തിയത് ബെംഗളൂരു എഫ്സിയുടെ പ്രതിരോധത്തെ ശക്തമാക്കിയപ്പോള്‍ ഷോര്‍ട്ട് പാസുകളിലൂടെ അക്രമം മെനഞ്ഞെടുക്കുന്ന സ്വത്തസിദ്ധമായ ശൈലിയാണ് ആല്‍ബര്‍ട്ടോ റോക്കയുടെ പട പുറത്തെടുത്തത്.

മുപ്പതാം മിനുട്ടില്‍ ഛേത്രിയുടെ മനോഹരമായൊരു ഫ്രീ കിക്ക് പൂനെ ഗോള്‍പോസ്റ്റ്‌ ലക്ഷ്യമാക്കി ചീറിയടുത്തെങ്കിലും ഗോള്‍ കീപ്പര്‍ വിശാല്‍ കൈത്തിന്‍റെ മനോഹരമായൊരു ഡൈവ് രക്ഷയായ്. തുടരെ തുടരെ കൗണ്ടര്‍ അറ്റാക്കുകള്‍ തീര്‍ക്കാനുള്ള പൂനെയുടെ ശ്രമങ്ങള്‍ തടുക്കാനും ബെംഗളൂരു പ്രതിരോധത്തിനായി. ആതിഥേയരുടെ ഭാഗത്ത് ബ്രസീലിയന്‍ മാന്ത്രികന്‍ മാര്‍സലീഞ്ഞോയും കാര്‍ലോസും മികച്ച ചില അവസരങ്ങള്‍ മെനഞ്ഞുവെങ്കിലും ആദ്യ പകുതിയില്‍ മികച്ചൊരു ഷോട്ട് കണ്ടെത്താന്‍ ആതിഥേയര്‍ക്കായില്ല.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കൂടുതല്‍ ഒതുക്കത്തോടെ പന്ത് കൈവശം വെക്കാനാണ് പൂനെ ശ്രമിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എമില്യാനോ അല്‍ഫാരോയും മലയാളി താരം ആശിഖ് കുരുണിയനും ഓരോ അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയെങ്കിലും പന്ത് ഗുര്‍പ്രീത് സിങ് സന്ധുവിനെ കവച്ചുവെച്ചില്ല. അമ്പതാം മിനുട്ടില്‍ അതിഥികള്‍ക്ക് മികച്ചൊരു കോര്‍ണര്‍ കിക്ക് ഒത്തുവന്നു. വലത് വിങ്ങില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്ന ഹയോകിപ്പിന് ലഭിച്ച പന്ത് മികച്ചൊരു ഹെഡറിലൂടെ പോസ്റ്റിന് മുന്നിലേക്ക് പാസ് ചെയ്തെങ്കിലും ഛേത്രിയും ഹുവാനനും തമ്മിലിടിച്ച് അവസരം നഷ്ടപ്പെടുത്തുകയായിരുന്നു.

അമ്പത്തിയഞ്ച് മിനുട്ടില്‍ പരുക്കേറ്റ ആശിഖ് കുരുണിയന് പകരം ഐസക് അരങ്ങേറ്റം കുറിക്കുന്നു. മുന്‍ ലജോങ് എഫ്സി താരമാണ് ഐസക്. ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ സെമി ഫൈനല്‍ മത്സരങ്ങളില്‍ എവേ ഗോള്‍ നിയമം വരുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ആവേ മത്സരത്തില്‍ അടിക്കുന്ന ഓരോ ഗോളും രണ്ടായി കണക്കാക്കും എന്നതിനാല്‍ പ്രതിരോധത്തില്‍ പിഴവുകള്‍ വരുത്താതിരിക്കാന്‍ ടീമുകള്‍ നിര്‍ബന്ധിതരാകും. കളി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഡോവാലേയ്ക്ക് പകരം എറിക് പാര്‍ത്താലുവിനെ ഇറക്കിക്കൊണ്ട് ആദ്യ സബ്സ്റ്റിറ്റ്യൂഷന്‍ ഉപയോഗിക്കുകയാണ് ബെംഗളൂരു എഫ്‌സി. ഡിഫന്‍സീവ് സ്വഭാവമുള്ള മധ്യനിരതാരം മികച്ച ഹെഡ്ഡര്‍ ഗോളുകളും കണ്ടെത്തിയിട്ടുണ്ട്.

അറുപത്തിയാറാം മിനുട്ടില്‍ ബെംഗളൂരു പോസ്റ്റിനടുത്ത് വച്ച് പൂനെയ്ക്ക് ഫ്രീ കിക്ക് ലഭിക്കുന്നു. ലെഫ്റ്റ് ബാക്ക് രാഹുല്‍ ഭേകെയുടെ ഫൗളില്‍ നിന്ന് വന്ന നല്ലൊരു സെറ്റ് പീസിനെ മുഷ്ടി മടക്കി തെറിപ്പിച്ചുകൊണ്ട് ഗുര്‍പ്രീതിന്‍റെ അനായാസ സേവ്. എഴുപത്തിയൊന്നാം മിനുട്ടില്‍ ബൊയ്താങ് ഹയോകിപ്പിന് പകരക്കാരനായ് ഉദാന്താ സിങ് മൈതാനത്തിലേക്ക്.

എഴുപത്തിയഞ്ച് മിനുട്ടില്‍ ബെംഗളൂരുവിനെ നോക്കുകുത്തി ആക്കിക്കൊണ്ട് പൂനെയുടെ മികച്ചൊരു മുന്നേറ്റം. വലതുവിങ്ങില്‍ നിന്നും അല്‍ഫാരോ നല്‍കിയ ക്രോസ് ഐസക്കിന്‍റെ കാലിലേക്ക് കൃത്യമായി എത്തിയെങ്കിലും ഇരുപത്തിയൊന്നുകാരന് ഷോട്ട് മിസ്സാകുകയായിരുന്നു. കൃത്യസമയം തീരാന്‍ പത്ത് മിനുട്ട് ബാക്കിയിരിക്കെ കാര്‍ലോസിന് പകരക്കാരനായി ലൂക്കയെ ഇറക്കിക്കൊണ്ട്‌ ആന്റോണിയോ ഹബ്ബാസിന്‍റെ അടവ് മാറ്റം. എണ്‍പത്തി ആറാം മിനുട്ടില്‍ മിക്കുവിനെ പിന്‍വലിച്ച ബെംഗളൂരു പുതിയ സൈനിങ്ങായ സെഗോവിയയെ ഇറക്കുന്നു.

അധികസമയത്തേക്കു നീണ്ട കളിയില്‍ അവസാന മിനുട്ടില്‍ ആതിഥേയര്‍ക്ക് ഒരു കോര്‍ണര്‍ ലഭിച്ചെങ്കിലും അത് ഉപയോഗപ്പെടുത്താനായില്ല. വരുന്ന രണ്ടാം പാദ സെമി ഫൈനലിനെ ഏറെ സമ്മര്‍ദത്തോടെയാകും ഇരു ടീമുകളും നേരിടേണ്ടി വരിക. പൂനെയുടെ ഓരോ ഗോളും രണ്ടായ് കണക്കാക്കും എന്നതിനാല്‍ ബെംഗളൂരുവിന് കൂടുതല്‍ പ്രതിരോധത്തോടെ കളിക്കേണ്ടി വരും. അതേസമയം ക്രാന്തീവരയില്‍ വിജയക്കൊടി പാറിക്കുക എന്നതാകും ആന്റോണിയോ ഹബ്ബാസിന്‍റെ ലക്ഷ്യം. ഒന്നാമാന്മാരായ ബെംഗളൂരു എഫ്സി അത് അനുവദിക്കുമോ എന്ന് കാണേണ്ടതുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook