മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിലെ ഫൈനൽ മൽസരം നടത്താൻ നിശ്ചയിച്ചിരുന്ന വേദി മാറ്റി. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും നാലാം സീസണിലെ കലാശപ്പോരാട്ടം നടക്കുക. നേരത്തെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ മൽസരം നടത്താൻ നിശ്ചയിച്ചിരുന്നത്.

ഫൈനൽ മൽസരത്തിലേക്ക് കൂടുതൽ കാണികളെ ആകർഷിക്കാൻ വേണ്ടിയാണ് ഈ നീക്കം എന്നാണ് സൂചന. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ അമർ തോമർ കൊൽക്കത്ത ഫൈനൽ കാണാതെ പുറത്തായതോടെ ഫൈനൽ മൽസരം കാണാൻ ആരാധകരുടെ ഒഴുക്ക് ഉണ്ടാകില്ലെന്ന തിരിച്ചറിവാണ് സംഘാടകരെ തിരുത്തി ചിന്തിപ്പിച്ചത്. സെമി പ്രവേശനം നേടിയ ബെംഗളൂരു എഫ്സിയുടെ ആരാധകരെ ലക്ഷ്യംവച്ചാണ് പുതിയ തീരുമാനം.

പുണെ സിറ്റി Vs ബെംഗളൂരു എഫ്സി ആദ്യപാദ സെമി പോരാട്ടം കഴിഞ്ഞ ദിവസമാണ് നടന്നത്. പുണെയുടെ മൈതാനത്ത് നടന്ന മൽസരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. ബെംഗളൂരുവിന്റെ തട്ടകത്തിലാണ് രണ്ടാംപാദ സെമി നടക്കുന്നത്. മാർച്ച് 11ന് ആണ് രണ്ടാം പാദ സെമി.

ഇന്ന് നടക്കുന്ന രണ്ടാം സെമി പോരാട്ടത്തിൽ എഫ്സി ഗോവ Vs ചെന്നൈയിൻ എഫ്സിയെ നേരിടും. ഗോവയുടെ തട്ടകത്തിലാണ് ആദ്യപാദ പോരാട്ടം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ