ബെംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ അരങ്ങേറ്റ സീസണില്‍ തന്നെ റെക്കോര്‍ഡുകള്‍ക്ക് പുറമേ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ബെംഗളൂരു എഫ്സി. 2013ല്‍ ആരംഭിച്ച ക്ലബ് ഇന്ത്യന്‍ ഫുട്ബാളിലേക്കുള്ള തങ്ങളുടെ വരവ് അറിയിച്ചത് തന്നെ ഐലീഗ് കിരീടം നേടിക്കൊണ്ടാണ്. ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍റെ എഎഫ്‌സി കപ്പിലും ബിഎഫ്‌സി നടത്തിയ പടയോട്ടം ഇന്നുവരെ ഇന്ത്യന്‍ ഫുട്ബാള്‍ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും മികഹതാണ്.

ആല്‍ബര്‍ട്ട് റോക. ഫൊട്ടോ : ഐഎസ്എല്‍

ഐലീഗിലെ ചരിത്രം ഐഎസ്എല്ലിലും ആവര്‍ത്തിക്കാനാണ് ആല്‍ബര്‍ട്ട് റോകയുടെ കീഴില്‍ പരിശീലിക്കുന്ന ടീമിന്റെ ലക്ഷ്യം. അരങ്ങേറ്റ ഐഎസ്എല്‍ ബിഎഫ്സി സ്വന്തമാക്കിയ ചില ഐഎസ്എല്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാം:

എന്നും ഒന്നാമത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ 2017-18 സീസണില്‍ പ്ലേ ഓഫിലേക്ക് കടക്കുന്ന ആദ്യ ടീമാണ് ബെംഗളൂരു എഫ്‌സി. പതിനാറ് മത്സരം പിന്നിടുമ്പോഴേക്കും ബെംഗളൂരു സെമി ഫൈനല്‍ പ്ലേ ഓഫ് സാധ്യത ഉറപ്പിച്ചു.

ഞങ്ങളെ വെല്ലാനാരുണ്ട് ?
ഒരു ഐഎസ്എല്‍ സീസണില്‍ മത്സരിച്ച എല്ലാ ടീമിനേയും പരാജയപ്പെടുത്തുന്ന ആദ്യ ക്ലബാണ് ബെംഗളൂരു എഫ്‌സി.

കണക്കിലും കളി
ഐഎസ്എല്ലിലെ ഒരു സീസണില്‍ മുപ്പത് പോയന്‍റ് കടക്കുന്ന ആദ്യ ടീമാണ് ബെംഗളൂരു എഫ്‌സി. പതിനേഴ്‌ മത്സരങ്ങളില്‍ നിന്നായി 37 പോയന്‍റ് ആണ് ബെംഗളൂരുവിന് ഇപ്പോള്‍ ഉള്ളത്. തൊട്ട് പിന്നിലുള്ള പൂനെ സിറ്റിയും ചെന്നൈയിന്‍ എഫ്‌സിയും അത്രതന്നെ മത്സരങ്ങളില്‍ 29 പോയന്‍റുമായാണ് നില്‍ക്കുന്നത്.

സുനില്‍ ഛേത്രി

ഗോളടി മഹാമഹം
ഐഎസ്എല്ലിന്‍റെ ഒരു സീസണില്‍ മുപ്പതിന് മുകളില്‍ ഗോള്‍ നേടുന്ന ആദ്യ ടീമാണ് ബെംഗളൂരു എഫ്‌സി. 2016ല്‍ 27 ഗോള്‍ നേടിയ ഡല്‍ഹി ഡൈനമോസിന്‍റെ റെക്കോര്‍ഡ് ആണ് ഇതോടെ പഴംകഥയായത്.

പത്തില്‍ പത്ത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഒരു സീസണില്‍ രണ്ട് താരങ്ങള്‍ പത്തില്‍ കൂടുതല്‍ ഗോള്‍ നേടുന്ന ആദ്യ ടീം എന്ന റെക്കോഡ്‌ ബെംഗളൂരു എഫ്‌സിക്ക് സ്വന്തം. വെനുസ്വേലയന്‍ സ്ട്രൈക്കര്‍ മിക്കു പതിമൂന്ന് ഗോളുകളുമായി ഐഎസ്എല്‍ ഗോള്‍ഡന്‍ ബൂട്ടിനായി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പത്ത് ഗോളുമായി നായകന്‍ സുനില്‍ ഛേത്രി പിന്നാലെയുണ്ട്. ഗോവരുടെ കൊറോമിനാസ് ആണ് നിലവില്‍ ഒന്നാമന്‍.

ഛേത്രി- ക്യാപ്റ്റന്‍, ലീഡര്‍
മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ തന്നെയാണ് ബെംഗളൂരു എഫ്‌സിയുടെ ഏറ്റവും വലിയ കരുത്ത്. ഒരേ സമയം ഗോളുകള്‍ തീര്‍ക്കുകയും ഗോളുകള്‍ക്ക് വഴിവെക്കുകയും ചെയ്യുന്ന സുനില്‍ ഛേത്രി എന്ന ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം. ഐഎസ്എല്ലിന്‍റെ ഒരു സീസണില്‍ പത്ത് ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സുനില്‍ ഛേത്രി. ആ റെക്കോര്‍ഡും ബെംഗളൂരു എഫ്‌സിക്ക്.

മികു

ഇനി മറ്റൊരു റെക്കോര്‍ഡ് കൂടി. പ്രൊഫഷണല്‍ ഫുട്ബാള്‍ കളിച്ച അഞ്ച് വര്‍ഷവും ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനക്കാര്‍ എന്നതാണ് ആ റെക്കോര്‍ഡ്. “ഞങ്ങള്‍ക്ക് ഐഎസ്എല്‍ വേണ്ട. ഐഎസ്എല്ലിന് ഞങ്ങളെയാണ് വേണ്ടത്.” എന്നായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രവേശനത്തിന് മുന്‍പ് ബെംഗളൂരു എഫ്‌സി ഫാന്‍സായ വെസ്റ്റ്ബ്ലോക്ക് ബ്ലൂസിന്‍റെ ചാന്‍റ്. അന്ന് അഹങ്കാരികള്‍ എന്നായിരുന്നു ഈ ആരാധകകൂട്ടത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരാധകര്‍ വിളിച്ചത്. കളിയും കണക്കുകളും കാണിച്ച് അവര്‍ക്ക് മറുപടി നല്‍കുന്ന ബെംഗളൂരു എഫ്‌സി ആരാധകര്‍ അവരോട് ഇപ്പോള്‍ പറയുന്നത് ‘ഐ-ലീഗ് ആയിരുന്നു ഇതിലും ബുദ്ധിമുട്ട്’ എന്നാണ്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടുള്ള ഈ പടയോട്ടം ഐഎസ്എല്‍ കിരീടത്തില്‍ എത്തിയേ തങ്ങള്‍ അവസാനിപ്പിക്കൂ എന്നാണ് അവരുടെ ആത്മവിശ്വാസവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ