ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവനാണ് സുനില്‍ ഛേത്രി. മൈതാനത്തിലെ ഹീറോയിസം കൊണ്ടും മൈതാനത്തിന് പുറത്തെ മാന്യത കൊണ്ടും എന്നും സുനില്‍ ഛേത്രി വേറിട്ട വ്യക്തിത്വമാകുന്നു. കഴിഞ്ഞ ദിവസം ഛേത്രി ഒരിക്കല്‍ കൂടി അത് തെളിയിച്ചു. ബെംഗളൂരു എഫ്‌സിയും കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മൽസരത്തിന് ശേഷമായിരുന്നു സംഭവം.

പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചതോടെ വിജയത്തോടെ ലീഗ് അവസാനിപ്പിക്കാം എന്ന മോഹത്തോടെയായിരുന്നു ഇന്നലെ ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിട്ടത്. എന്നാല്‍ അവസാന അങ്കത്തിലും തല കുനിച്ചു തന്നെ മടങ്ങാനായിരുന്നു ജിങ്കനും സംഘത്തിനും വിധി. അഭിമാന പോരാട്ടത്തില്‍ ബെംഗളൂരുവിനെ ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിക്കാന്‍ ട്രാവലിങ് ഫാന്‍സും ബെംഗളൂരുവിലെത്തിയിരുന്നു.

എന്നാല്‍ ഒരുപാട് ദൂരം യാത്ര ചെയ്‌തെത്തിയ മഞ്ഞപ്പടയെ അമ്പേ നിരാശപ്പെടുത്തുന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. ഇഞ്ചുറി ടൈമിലെ രണ്ട് ഗോളുകളുടെ ബലത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ബെംഗളൂരു തകര്‍ത്തു കളഞ്ഞു. മുഖ്യ വൈരികളായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് മുന്നില്‍ തല കുനിച്ച് മടങ്ങുകയായിരുന്ന മഞ്ഞപ്പടയെ പക്ഷെ അങ്ങനെയങ്ങ് വിടാന്‍ സുനില്‍ ഛേത്രി തയ്യാറായിരുന്നില്ല.

മൽസരശേഷം പതിവുപോലെ തങ്ങളുടെ ആരാധകക്കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനൊപ്പം വൈക്കിങ് ക്ലാപ്പ് ചെയ്താണ് ബെംഗളൂരു താരങ്ങള്‍ വിജയം ആഘോഷിച്ചത്. എന്നാല്‍ ഇതിനിടെ നായകന്‍ സുനില്‍ ഛേത്രി സഹതാരങ്ങളെ സ്‌റ്റേഡിയത്തിന്റെ എതിര്‍ വശത്തേക്ക് നയിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മൽസരം കാണാനെത്തിയ മഞ്ഞപ്പടയുടെ അരികിലേക്ക്.

തങ്ങളുടെ ടീമിനെ പിന്തുണയ്ക്കാനെത്തിയ മഞ്ഞപ്പടയെ കൈയ്യടിച്ച് അഭിനന്ദിച്ചാണ് ഛേത്രിയും സംഘവും ആദരിച്ചത്. ഛേത്രിയ്ക്ക് പിന്നാലെ സഹതാരങ്ങളും മഞ്ഞപ്പടയെ അഭിനന്ദിച്ച് കയ്യടിച്ചതോടെ മഞ്ഞപ്പടയുടെ ദുഃഖത്തിന് തെല്ലൊരയവ് ആയി.