ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ നടന്ന മൽസരത്തില്‍ 5 വിക്കറ്റിനാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തോറ്റത്. ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഡെയർ ഡെവിൾസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണെടുത്തത്. ഓപ്പണർമാരായ പൃഥ്വി ഷായെയും (2), ജാസൻ റോയിയെയും (12) പെട്ടെന്ന് നഷ്ടമായ ഡൽഹിക്ക് 34 പന്തിൽ നിന്ന് 5 ഫോറും 4 സിക്സും ഉൾപ്പെടെ 61 റൺസ് അടിച്ചു കൂട്ടിയ പന്ത് ഒരിക്കൽക്കൂടി മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു. 19 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പെടെ പുറത്താകാതെ 46 റൺസെടുത്ത അഭിഷേക് ശർമ്മയും നായകൻ ശ്രേയസ് അയ്യരുമാണ് (32) പന്തിനെക്കൂടാതെ ഡൽഹി ബാറ്റിങ് നിരയിൽ തിളങ്ങിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ കോഹ്‌ലിയും ഡിവില്ലിയേഴ്സും തകര്‍ത്തടിച്ചപ്പോള്‍ ഡല്‍ഹി അടിയറവ് പറയുകയായിരുന്നു. മൽസരം തോറ്റെങ്കിലും ഡല്‍ഹിക്കും ഇന്ത്യക്കും പ്രതീക്ഷ ഉയര്‍ത്തി ഒരു താരത്തിന്റെ ഉദയം മൽസരത്തില്‍ കാണാനായി. അരങ്ങേറ്റ മൽസരത്തില്‍ 17കാരനായ അഭിഷേക് ശര്‍മ്മ സ്ഫോടനാത്മകമായ പ്രകടനമാണ് കാഴ്‌ച വച്ചത്. 3 ഫോറുകളുടേയും 4 സിക്സിന്റേയും അകമ്പടിയോടെയാണ് അദ്ദേഹം 46 റണ്‍സെടുത്തത്.

15 -18 മൂന്നു ഓവറുകളില്‍ 41 റണ്‍സാണ് ഡല്‍ഹി അടിച്ചു കൂട്ടിയത്. കളിയുടെ ടേണിങ് പോയിന്റ് അതായിരുന്നു. ഏറെ കാലത്തിനു ശേഷം ഇന്നലത്തെ മൽസരം അറിയപ്പെടുക ചിലപ്പോള്‍ അഭിഷേക് ശര്‍മ്മയുടെ പേരിലായിരിക്കും. ഡല്‍ഹിക്ക് വേണ്ടി മൂന്നു താരങ്ങളാണ് ഇന്നലെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. നേപ്പാള്‍ താരം സന്ദീപ് ലാമിച്ചന്‍, ജൂനിയര്‍ ഡാല, അഭിഷേക് ശര്‍മ്മ എന്നിവരാണ് ടീമില്‍ ഇടംകണ്ടെത്തിയത്.

55 ലക്ഷം രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അഭിഷേകിനെ സ്വന്തമാക്കിയത്. സൗത്തിക്ക് എതിരായ സിക്സ് അഭിഷേക് ശര്‍മ്മ അടിച്ചത് തുടക്കക്കാരന്റെ ഒരു പതര്‍ച്ചയുമില്ലാതെയാണ്. പഞ്ചാബിലെ അമൃത്സറില്‍ 2000, സെപ്റ്റംബര്‍ 4നാണ് അദ്ദേഹം ജനിച്ചത്. ദ്രാവിഡിന്റെ ശിഷ്യനും അണ്ടര്‍ 19 ലോകകപ്പ് സ്‌ക്വാഡിലെ അംഗം കൂടിയായിരുന്നു അഭിഷേക് ശര്‍മ്മ. ആദ്യ വര്‍ഷമായ 2015-16ല്‍ വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ടൂര്‍ണമെന്റിലാകെ 1200 റണ്‍സാണ് അഭിഷേക് അടിച്ചു കൂട്ടിയത്. കൂടാതെ ടൂര്‍ണമെന്റില്‍ 57 വിക്കറ്റുകളും അദ്ദേഹം നേടി.

ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അദ്ദേഹം മാറി. നേരത്തേ 18കാരനായി അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. എന്നാല്‍ അരങ്ങേറ്റ മൽസരത്തില്‍ സഞ്ജു 27 റണ്‍സ് മാത്രമായിരുന്നു നേടിയത്. അഭിഷേകിന്റെ പിതാവ് രാജ്കുമാര്‍ ശര്‍മ്മ ഡല്‍ഹി സംസ്ഥാന ടീമില്‍ കളിച്ചയാളാണ്. ദേശീയ ടീമില്‍ ഇടം നേടാന്‍ കഴിയാതെ വന്നപ്പോള്‍ കുടുംബസമേതം യുഎഇയിലേക്ക് താമസം മാറിയെങ്കിലും ഫലമുണ്ടായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ