ബെംഗളൂരു: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 188 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 274 റൺസ് മാത്രമേ നേടാനായുളളൂ. ചേതേശ്വർ പൂജാരെയും (92), ലോകേഷ് രാഹുലും (51), അജിങ്ക്യ രഹാനെയും (52) ആണ് ഇന്ത്യൻ ലീഡ് 150 ൽ കടത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് 15 റൺസ് മാത്രമാണ് നേടാനായത്. കരുൺ നയർ റൺസൊന്നും എടുക്കാതെ മടങ്ങി.
cricket, india, australia

39 റൺസ് ആയപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 16 റൺസ് എടുത്ത അഭിനവ് മുകുന്ദിനെ ഹെയ്‌സൽവുഡ് പുറത്താക്കി. 84 റൺസ് ആയപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി. ഒക്കീഫിന്റെ ബോളിൽ സ്റ്റീവൻ സ്മിത്ത് എടുത്ത കാച്ചിലൂടെ ലോകേഷ് രാഹുലും പുറത്ത്. പിന്നാലെ വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും പുറത്തായി. അജിങ്ക്യ രഹാനെയുടെയും ചേതേശ്വർ പൂജാരെയുടെയും ചെറുത്തു നിൽപ്പിലൂടെ രണ്ടാം ഇന്നിങ്സിന്റെ ആദ്യം ദിനം ഇന്ത്യയുടെ ലീഡ് 100 ൽ കടന്നു.
cricket, india, australia

എന്നാൽ രണ്ടാം ദിനമായ ഇന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് പിടിച്ചുനിൽക്കാനായില്ല. രഹാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ വന്ന കരുൺ നായർക്ക് ഒരു റൺസ് പോലും നേടാനായില്ല. 92 റൺസെടുത്ത പൂജാരെയെ ഹെയ്‌സൽവുഡ് പുറത്താക്കിയതിലൂടെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. വൃദ്ധിമാൻ സാഹയും ഇഷാന്ത് ശർമയും ഇന്ത്യയുടെ ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 274 റൺസിൽ ഓസീസ് താരങ്ങൾ പിടിച്ചുകെട്ടി.

ജോഷ് ഹെയ്‌സൽവുഡാണ് ഇന്ത്യൻ നിരയെ തകർത്തെറിഞ്ഞത്. 24 ഓവറുകളിൽ വെറും 67 റൺസ് മാത്രം വഴങ്ങിയാണ് ഹെയ്‌സൽവുഡ് ആറു വിക്കറ്റ് സ്വന്തമാക്കിയത്. മിച്ചൽ സ്റ്റാർക്കും ഒക്കീഫും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ