ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്. ‘ന്യൂസിലന്‍ഡര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിന് തന്നെക്കാള്‍ അര്‍ഹന്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണെന്ന് സ്റ്റോക്‌സ് പറഞ്ഞു. പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ട് താരങ്ങളാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ബെന്‍ സ്റ്റോക്‌സും ന്യൂസിലന്‍ഡിനെ ഫൈനല്‍ വരെ എത്തിച്ച് ലോകകപ്പിലെ താരമായ വില്യംസണും. ന്യൂസിലന്‍ഡില്‍ ജനിച്ച താരമാണ് ബെന്‍ സ്റ്റോക്‌സ്. പിന്നീടാണ് ഇംഗ്ലണ്ട് ടീമിലേക്ക് എത്തിയത്. ന്യൂസിലന്‍ഡില്‍ ജനിച്ച താരമായതിനാലാണ് സ്റ്റോക്‌സിനെയും ‘ന്യൂസിലന്‍ഡര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. എന്നാല്‍, തന്നെക്കാള്‍ യോഗ്യന്‍ വില്യംസണ്‍ തന്നെയാണെന്ന് സ്റ്റോക്‌സ് തുറന്നുപറഞ്ഞിരിക്കുകയാണ്.
ഈ അവാര്‍ഡിന് താന്‍ പരിഗണിക്കപ്പെടേണ്ടതില്ലായിരുന്നു എന്ന് സ്റ്റോക്‌സ് പറഞ്ഞു. “ന്യൂസിലന്‍ഡ് രാജ്യത്തിന് വേണ്ടി ഒട്ടെറെ സംഭാവനകള്‍ നല്‍കിയ മറ്റ് താരങ്ങള്‍ ഉണ്ട്. അവരാണ് ഈ അവാര്‍ഡിന് അര്‍ഹര്‍. ഞാന്‍ ഇംഗ്ലണ്ടിന് ലോകകപ്പ് നേടികൊടുക്കാനാണ് അധ്വാനിച്ചത്” – സ്റ്റോക്‌സ് പറഞ്ഞു.
ന്യൂസിലന്‍ഡിന് വേണ്ടി ഏറെ സംഭാവനകള്‍ നല്‍കിയ താരമാണ് വില്യംസണ്‍ എന്നും സ്റ്റോക്‌സ് പറഞ്ഞു. “ന്യൂസിലന്‍ഡിനെ ഫൈനലിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്റെ മികവാണ്. നായകന്‍ എന്ന നിലയില്‍ അദ്ദേഹം എല്ലാവരോടും വിനയവും സഹാനുഭൂതിയും കാണിച്ചു. വില്യംസണ്‍ മികച്ച നായകനാണ്. ന്യൂസിലന്‍ഡര്‍ അവാര്‍ഡിന് അര്‍ഹന്‍ വില്യംസനാണ്. അദ്ദേഹം അത് അര്‍ഹിക്കുന്നു. എന്റെ വോട്ടും വില്യംസണ് തന്നെ”-സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.
1991 ജൂണ്‍ 4ന് ന്യൂസിലൻഡിലെ ക്രൈസ്റ്റ്‍ചര്‍ച്ചിലാണ് ബെന്‍ സ്റ്റോക്സ് ജനിച്ചത്. എന്നാൽ, പിന്നീട് അദ്ദേഹം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്ക് എത്തുകയായിരുന്നു. ബെന്‍ സ്റ്റോക്സിന്റെ 84 റണ്‍സിന്റെ മികവിലാണ് ഇംഗ്ലണ്ട് കിവീസിന്റെ 241 എന്ന സ്കോറിനൊപ്പം എത്തിയത്. ലോകകപ്പ് ഫൈനലില്‍ സ്റ്റോക്സ് തന്നെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സൂപ്പര്‍ ഓവറിലും രണ്ട് ടീമുകളും സമനില പാലിച്ചെങ്കിലും കൂടുതല്‍ ബൗണ്ടറി നേടിയെന്ന ആനുകൂല്യത്തിലാണ് ഇംഗ്ലണ്ടിനെ വിജയികളായി തിരഞ്ഞെടുത്തത്.