ബിർമിങ്​ഹാം: മഴ ശരിക്കും ചതിച്ചത് ഓസ്ട്രേലിയയെയാണ്. ചാമ്പ്യൻസ്​ ട്രോഫിയിൽ മൂന്നാം മത്സരവും മഴയെടുത്തതോടെ ഓസീസ്​ സെമി കാണാതെ പുറത്ത്​. ഗ്രൂപ്​​ റൗണ്ടിൽ വിജയം അനിവാര്യമായ കളിയിൽ ഡക്​വർത്ത്​-ലൂയിസ്​ നിയമപ്രകാരം ഇംഗ്ലണ്ടിന്​ 40 റൺസ്​ ജയം. ഓസ്ട്രേലിയ ഉയർത്തിയ 278 റൺസിന്​ മറുപടിയായി ക്യാപ്​റ്റൻ ഒയിൻ മോർഗനും (87) ബെൻ സ്​റ്റോക്​സും(102) ഇംഗ്ലണ്ടിനെ നയിച്ചപ്പോൾ മഴയെത്തി ജയം അനായാസമാക്കി.

3/35 എന്ന നിലയിൽ ഇംഗ്ലണ്ട് പരുങ്ങിയപ്പോഴാണ് ഒയിൻ മോർഗനും ബെൻ സ്​റ്റോക്​സും ക്രീസിലെത്തിയത്. മെല്ലെ തുടങ്ങിയ ഇരുവരും പിന്നീട് കൂറ്റനടികളുമായി നിലയുറപ്പിച്ചു. 109 പന്ത് നേരിട്ട സ്റ്റോക്സ് 13 ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെയാണ് സെഞ്ചുറി തികച്ചത്. 102 റൺസുമായി സ്റ്റോക്സ് പുറത്താകാതെ നിന്നു. 81 പന്തിൽ എട്ടു ഫോറും അഞ്ചു സിക്സും ഉൾപ്പെടെ 87 റൺസെടുത്ത മോർഗൻ ആദം സാംപയുടെ ഡയറക്ട് ത്രോയിൽ റണ്ണൗട്ടാകുകയായിരുന്നു. പിന്നീട് 29 റൺസെടുത്ത ജോസ് ബട്‌ലറെ കൂട്ടുപിടിച്ച് സ്റ്റോക്സ് ടീമിനെ വിജയത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് തുടക്കത്തിലും മധ്യനിരയിലും നന്നായി കളിച്ചെങ്കിലും അവസാന 10 ഓവറുകളില്‍ കളി മറക്കുകയായിരുന്നു. 15 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ചു വിക്കറ്റുകളാണ് ഓസീസിന് നഷ്ടപ്പെട്ടത്. രണ്ടാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും നേടിയ 96 റണ്‍സിന്റെ കൂട്ടുകെട്ടും അഞ്ചാം വിക്കറ്റില്‍ ഗ്ലെന്‍ മാക്സ്വെല്ലും ട്രാവിസ് ഹെഡും ചേര്‍ന്ന് നേടിയ 58 റണ്‍സും ഓസീസ് ഇന്നിങ്സില്‍ നിര്‍ണായകമായി.

പുറത്താകാതെ 71 റണ്‍സ് നേടിയ ട്രാവിഡ് ഹെഡാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. ആരോണ്‍ ഫിഞ്ച് 68 റണ്‍സും സ്റ്റീവ് സ്മിത്ത് 56 റണ്‍സും നേടി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ആദില്‍ റാഷിദും മാര്‍ക്ക് വുഡുമാണ് തുടക്കത്തിലെ മുന്‍തൂക്കത്തില്‍ നിന്ന് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഓസീസിനെ തടഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook