ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ ഏറ്റവുമധികം പണം ഫ്രാഞ്ചൈസികൾ വാരിയെറിഞ്ഞത് വിദേശ താരങ്ങൾക്കാണ്. ബെൻ സ്റ്റോക്സിനെ ഐപിഎൽ സീസണുകളിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് റൈസിങ് പുണെ സൂപ്പർജയന്റസ് സ്വന്തമാക്കിയത്, 14.5 കോടി. മത്സരിച്ചുള്ള ലേലം വിളിയിൽ നിന്ന് ബെൻ സ്റ്റോക്സിനെ സ്വന്തമാക്കിയത് പുണെയ്ക്ക് നേട്ടമാകുമോയെന്നാണ് ഇനി കാണേണ്ടത്.
ജനുവരിയിൽ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു സ്റ്റോക്സ്. മൂന്ന് മത്സര ഇനത്തിലും ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു ഈ 25 കാരൻ. നാഗ്പൂരിൽ നടന്ന രണ്ടാം 20ട്വന്റിയിലും കൊൽക്കത്തയിലും പൂണെയിലും നടന്ന ഏകദിന മത്സരങ്ങളിലും തിളക്കമാർന്ന പ്രകടനമാണ് ഈ താരം നടത്തിയത്. മിഡിൽ ഓർഡറിൽ ടീമിന്റെ ആക്രമണത്തിന് മൂർച്ചയേകുന്നതിനൊപ്പം പേസ് ബോളിങ്ങിലൂടെ പ്രതിരോധം തീർക്കാനും താരത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. 136.7 ബാറ്റിങ് ശരാശരിയുള്ള താരത്തിന്റെ ഇക്കോണമി 9 ആണ്.
ആദ്യഘട്ടത്തിൽ മുംബൈ ഇന്ത്യൻസായിരുന്നു സ്റ്റോക്സിനായി മുന്നിട്ടിറങ്ങിയത്. രണ്ട് കോടിയിൽ ആരംഭിച്ച ലേലം വിളിയിൽ മുംബൈയ്ക്കൊപ്പം ഡൽഹിയും ലേലം വിളിച്ചു. 10.5 കോടിയിൽ എത്തിയപ്പോൾ മുംബൈ ലേലത്തിൽ നിന്ന് പിന്മാറി. എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദ് രംഗത്തിറങ്ങിയതോടെ വീണ്ടും ലേലം വിളി മുറുകി. 13 കോടിയിൽ ഡൽഹി ലേലത്തിൽ നിന്ന് പിന്മാറി. ഈ സമയത്താണ് റൈസിങ് പുണെ സൂപ്പർ ജയന്റ്സ് ലേലത്തുക ഉയർത്തി മുന്നോട്ട് വന്നത്. ഒടുവിൽ 14.5 കോടിയിൽ താരം പുണെയുടെ ജഴ്സിയിലെത്തി.
എന്നാൽ ബോളിങ്ങിൽ ഒൻപത് റൺസോളം ഒരു ഓവറിൽ വിട്ടുകൊടുക്കുന്ന സ്റ്റോക്സിന് വേണ്ടി ഇത്രയേറെ തുക പുണെ ചിലവഴിച്ചത് ബുദ്ധിപരമായ നീക്കമാകുമോയെന്ന് സംശയമുണ്ട്. ഐപിഎൽ തീരും മുൻപ് തന്നെ താരത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നതും കനത്ത വെല്ലുവിളിയാണ്. 19.1 കോടിയുമായി ലേലത്തിനെത്തിയ പുണെയുടെ പോക്കറ്റിൽ ഈ ലേലം ഉറപ്പിച്ചപ്പോൾ അവശേഷിച്ചത് വെറും 4.6 കോടി മാത്രമാണ്.