ശ്രീലങ്കയെ മൂന്നാം ടെസ്റ്റിലും തോൽപ്പിച്ച് ഇംഗ്ലണ്ടിന്റെ നായകൻ ജോ റൂട്ടിന്റെ സംഘം പരമ്പര സ്വന്തമാക്കി. കൊളംബോയിൽ നടന്ന അവസാന മത്സരത്തിൽ 42 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ മൂന്നു മത്സരങ്ങളുളള ടെസ്റ്റ് പരമ്പര 3-0 ന് ഇംഗ്ലണ്ട് നേടി. മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് താരം ജോനി ബെയർസ്റ്റോയുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്.

മൂന്നാം ടെസ്റ്റ് ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായിരുന്നു. ലങ്കൻ സ്പിന്നർ ലക്ഷൻ സണ്ടകനോ ദൗർഭാഗ്യം നിറഞ്ഞതും. രണ്ടാം ഇന്നിങ്സിൽ സണ്ടകന് രണ്ടു തവണയാണ് വിക്കറ്റ് നഷ്ടമായത്, അതും നോ ബോളിന്റെ പേരിൽ. സണ്ടകന്റെ ദൗർഭാഗ്യം രണ്ടു തവണ തുണയായത് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിനാണ്.

സ്റ്റോക്സ് 22 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു സണ്ടകന്റെ ബോളിൽ ആദ്യം ഔട്ടായത്. താൻ ഔട്ടായെന്നു കരുതി സ്റ്റോക്സ് ഡ്രെസിങ് റൂമിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് അംപയർ നോ ബോൾ വിളിച്ചത്. സ്റ്റോക്സിന് അതൊട്ടും വിശ്വാസമായില്ല. രണ്ടാം തവണ സ്റ്റോക്സ് 32 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു വിക്കറ്റ്. ഇത്തവണയും സണ്ടകനായിരുന്നു ബോളിങ് ചെയ്തത്. അതും നോ ബോൾ ആയിരുന്നു.

മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ സ്റ്റോക്സ് 57 റൺസും രണ്ടാം ഇന്നിങ്സിൽ 42 റൺസുമാണ് നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook