ഇംഗ്ലണ്ടിന്റെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു ബെന്‍സ്റ്റോക്സ്. സമീപകാലത്തായി താരത്തിന്റെ ഏകദിന ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനായ താരം തന്റെ മാനസിക നിലയെകുറിച്ചും ഉത്കണ്ഠയെ കുറിച്ചും മനസ് തുറക്കുകയാണ്.
മാനസിക ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആറ് മാസത്തെ ഇടവേള എടുത്ത് തിരിച്ചെത്തിയതിന് ശേഷവും താന്‍ ഉത്കണ്ഠയ്ക്കുള്ള ചികിത്സയിലാണെന്ന്ണെന്നും സ്റ്റോക്സ് വെളിപ്പെടുത്തി. ഏകദേശം രണ്ട് വര്‍ഷം മുമ്പ് മസ്തിഷ്ക കാന്‍സര്‍ ബാധിച്ച് പിതാവിനെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ താരം കഴിഞ്ഞ വര്‍ഷം മൈതാനത്ത് നിന്ന് ഇടവേള എടുത്തിരുന്നു. മൂന്ന് ഫോര്‍മാറ്റുകളും മികച്ച രീതിയില്‍ കളിക്കുന്നതില്‍ സ്ഥിരത നേടാനാകുന്നില്ലെന്ന കാരണത്താലാണ് താരം ജൂലൈയില്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതും.
മരണാസന്നനായ പിതാവിനെ സന്ദര്‍ശിക്കാന്‍ കഴിയാത്തതിനാല്‍ ഇടവേള എടുത്തപ്പോള്‍ ക്രിക്കറ്റിനോട് കടുത്ത നീരസം തോന്നിയെന്ന് സ്റ്റോക്സ് പറഞ്ഞു. ”ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ ന്യൂസിലാന്‍ഡില്‍ നിന്ന് പുറപ്പെട്ടപ്പോഴാണ് പിതാവിനെ അവസാനമായി കണ്ടത്, ഞാന്‍ പോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, രാജസ്ഥാന് റോയല്‍സിനും അവിടെയുള്ളവര്‍ക്കും വേണ്ടി കളിക്കുന്നത് അദ്ദേഹത്തിന് ശരിക്കും ഇഷ്ടമായിരുന്നു. പക്ഷെ അത് എന്നെ ക്രിക്കറ്റിനോട് വെറുപ്പുണ്ടാക്കി, മരിക്കുന്നതിന് മുമ്പ് ഞാന്‍ എന്റെ അച്ഛനെ കാണാത്തതിന്റെ കാരണമാണിതെന്ന് ഞാന്‍ കരുതി. ഞാന്‍ അത് നേരത്തെ തുറന്നു പറയണമായിരുന്നു. ‘ക്രിക്കറ്റ്, ക്രിക്കറ്റ്, ക്രിക്കറ്റ്’ എന്ന് ഞാന്‍ ചിന്തിച്ചു. ഇത് കുറ്റബോധമല്ല, പക്ഷേ ഞാന്‍ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യും, സ്റ്റോക്സ് പറഞ്ഞു. ഇടവേള എടുക്കുന്ന സമയത്ത് എനിക്ക് ക്രിക്കറ്റുമായി ഒരു യഥാര്‍ത്ഥ പ്രശ്നം ഉണ്ടായിരുന്നു. എനിക്ക് സ്പോര്‍ട്സിനോട് ദേഷ്യം തോന്നി, കാരണം എന്റെ അച്ഛനെ എപ്പോള്‍ കാണാന്‍ കഴിയുമെന്ന് ക്രിക്കറ്റാണ് തീരുമാനിക്കന്നത്. ” ബെന്‍ സ്റ്റോക്സ് ടെലിഗ്രാഫിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.