ഇത്തവണത്തെ ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ടാണ് ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ നയിക്കുന്നത്. 16 അംഗ സംഘത്തെയാണ് ബോർഡ് തിരഞ്ഞെടുത്തിരിക്കുന്നത്. മോശം പെരുമാറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത ബെൻ സ്റ്റോക്ക്സിനെ ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്താത്ത 3 താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ബൗളർ ക്രൈഗ് ഒവേർട്ടൺ, സ്പിന്നർ മാസൺ ക്രൈൻ, വിക്കറ്റ് കീപ്പർ ബെൻ ഫോക്ക്സ് എന്നിവരാണ് ടീമിലെ പുതുമുഖ താരങ്ങൾ. ബെൻ സ്റ്റോക്ക്സിനെ ടീമിൽ ഉൾപ്പെടുത്തിയത് അപ്രതീക്ഷിതമായാണ്. ഇന്നലെ നൈറ്റ് പാർട്ടിക്കിടെ തല്ല് ഉണ്ടാക്കിയതിന് ബ്രിസ്റ്റൾ പൊലീസ് താരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് വെസ്റ്റൻഡീസിനെതിരെ ഏകദിന ടീമിൽ നിന്ന് സ്റ്റോക്ക്സിനെ പുറത്താക്കിയിരുന്നു. സഹതാരം അലക്സ് ഹെയിൽസിനേയും ഒഴിവാക്കിയിരുന്നു.

എന്നാൽ സമീപകാലത്ത് ഇംഗ്ലണ്ടിനായി നിർണ്ണായക പ്രകടനം പുറത്തെടുത്ത ബെൻ സ്റ്റോക്ക്സിനെ ആഷസ് പരമ്പരയിൽ നിന്ന് ഒഴിവാക്കാൻ സെലക്ടർമാർ ആലോചിച്ച് പോലും ഇല്ല. ബാറ്റിങ്ങിലും ബോളിങ്ങിലും തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്.

ടീം ചുവടെ : ജോ റൂട്ട് (ക്യാപ്റ്റൻ), മൊയീൻ അലി, ജെയിംസ് ആൻഡേഴ്സൺ, ജോണി ബൈയ്സ്റ്റോവ്, ജേഡ് ബോൾ, ഗാരി ബാലൻസ്, സ്റ്റ്യുവർട്ട് ബ്രോഡ്, അലൈസ്റ്റർ കുക്ക്, മാസൺ ക്രൈൻ, ബെൻ ഫോക്ക്സ്, ഡേവിഡ് മലാൻ, ക്രൈംഗ് ഒവേർട്ടൺ, ബെൻ സ്റ്റോക്ക്സ്, മാർക്ക് സ്റ്റോണിമാൻ, ജെയിംസ് വിൻസ്, ക്രിസ് വോക്ക്സ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ