ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി വരവറിയിച്ച രാജസ്ഥാൻ റോയൽസിന്റെ കിരീട സാധ്യതകൾ വർധിപ്പിച്ച് സൂപ്പർ താരം ബെൻ സ്റ്റോക്സും ടീമിനൊപ്പം ചേരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ന്യൂസിലൻഡിലായിരുന്ന താരം വരും ദിവസങ്ങളിൽ തന്നെ ടീമിനൊപ്പം ചേരും. ന്യൂസിലൻഡിൽ നിന്നും ഇതിനോടകം താരം ദുബായിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഏഴ് ദിവസത്തെ ക്വാറന്റൈനിന് ശേഷം രാജസ്ഥാൻ നിരയിൽ ശക്തമായ സാനിധ്യമായി സ്റ്റോക്സുമുണ്ടാകും.

വിദേശതാരങ്ങളാൽ സമൃദ്ധമാണ് രാജസ്ഥാൻ റോയൽസ്. നായകൻ സ്റ്റീവ് സ്‌മിത്തിനൊപ്പം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറും വെടിക്കെട്ട് താരം ഡേവിഡ് മില്ലറും ബോളർമാരായ ജോഫ്ര ആർച്ചറും ടോം കറനും ഇതിനോടകം പിങ്ക് കുപ്പായത്തിൽ ഇറങ്ങികഴിഞ്ഞു. സ്റ്റോക്സ് കൂടി എത്തുന്നതോടെ ഓൾറൗണ്ടർമാരുടെ കാര്യത്തിൽ രാജസ്ഥാന് അൽപ്പംകൂടി ആശ്വസിക്കാം.

Also Read: നന്നായി അടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു, എന്റെ തൊണ്ട വരണ്ടുപോയി: ധോണി

തലച്ചോറിൽ അർബുധ ബാധിതനായി ചികിത്സയിൽ കഴിയുന്ന പിതാവിനൊപ്പമായിരുന്നു ബെൻ സ്റ്റോക്സ്. ഐപിഎല്ലിന്റെ ആദ്യ ഭാഗം നഷ്ടമായെങ്കിലും വരും മത്സരങ്ങളിൽ ടീമിന് വിജയമൊരുക്കാൻ സ്റ്റോക്സും മുൻനിരയിലുണ്ടാകും. പാക്കിസ്ഥാന്റെ ഇംഗ്ലിഷ് പര്യടനത്തിനിടെയാണ് താരം ന്യൂസിലൻഡിലേക്ക് പറന്നത്. ടീമിനൊപ്പം ചേരാൻ താരത്തെ നിർബന്ധിക്കില്ലെന്ന് രാജസ്ഥാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കുട്ടിക്രിക്കറ്റ് പൂരത്തിനൊപ്പം ചേരാൻ താരം തയ്യാറാവുകയായിരുന്നു.

Also Read: അതീവ ക്ഷീണിതൻ, ഓടാൻ വയ്യ; പാടുപെട്ട് ധോണി, ആരാധകർ നിരാശയിൽ

കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം തന്നെയാണ് ആദ്യം ഐപിഎല്ലിലേക്ക് എത്തുകയാണെന്ന സൂചന നൽകിയത്. “വിടപറയൽ ഒരിക്കലും എളുപ്പമാവില്ല,” എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ താരം വിമാനത്തിലിരിക്കെ സെൽഫി ചിത്രം രാജസ്ഥാൻ റോയൽസും പോസ്റ്റ് ചെയ്തതോടെ താരത്തിന്റെ വരവ് ഉറപ്പിച്ചു.

Also Read: ഇഷ്ടതാരം സഞ്ജു, രാജസ്ഥാനെ പിന്തുണയ്ക്കാനുള്ള കാരണവും അത് തന്നെ; മനസ് തുറന്ന് സ്‌മൃതി മന്ദന

രണ്ട് മത്സരങ്ങളിൽ തകർപ്പൻ ജയം സ്വന്തമാക്കിയെങ്കിലും മധ്യനിരയിൽ ഇപ്പോഴും അഴിച്ചുപണി ആവശ്യമായ രാജസ്ഥാന് സ്റ്റോക്സിന്റെ വരവ് ഏറെ സഹായകമാകും. സ്റ്റോക്സ് വരുന്നതോടെ ടോം കറണിന് അവസരം നഷ്ടമായേക്കും. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജയത്തിലടക്കം നിർണായക പങ്കുവഹിച്ച താരം സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook