ഇന്ത്യയിലെ പിച്ചുകൾ മോശമാണെന്ന വിമർശനങ്ങൾക്കിടെ വ്യത്യസ്ത അഭിപ്രായ പ്രകടനവുമായി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. ഇന്ത്യയിലെ പിച്ചുകൾ സ്പിന്നിന് അനുകൂലമാണെന്നും അത് ഇന്ത്യയ്ക്ക് ആധിപത്യം ലഭിക്കാൻ വേണ്ടിയാണെന്നും ഇംഗ്ലണ്ട് താരങ്ങൾ തന്നെ പറയുമ്പോഴാണ് സ്റ്റോക്സിന്റെ വളരെ വ്യത്യസ്തമായ അഭിപ്രായപ്രകടനം. ടെസ്റ്റ് താരങ്ങൾ എല്ലാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ തയ്യാറായിരിക്കണമെന്ന് സ്റ്റോക്സ് പറഞ്ഞു.
“എല്ലാ അവസ്ഥകളിലും കളിക്കാനുള്ള നൈപുണ്യം ടെസ്റ്റ് ബാറ്റ്സ്മാൻമാർ സ്വായത്തമാക്കണം. പിച്ച് ഏത് ശൈലിയിലുള്ളത് ആണെങ്കിലും അതിനനുസരിച്ച് കളിക്കാൻ അറിയണം,” സ്റ്റോക്സ് പറഞ്ഞു. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് താരത്തിന്റെ പ്രതികരണം. മൊട്ടേര സ്റ്റേഡിയം എങ്ങനെയായിരിക്കും പെരുമാറുക എന്നതിൽ തനിക്ക് വലിയ ആശ്ചര്യമുണ്ടെന്നും സ്റ്റോക്സ് പറഞ്ഞു.
Read Also: ദൃശ്യത്തിലെ ജഡ്ജി, രജനീകാന്തിന്റെ സഹപാഠി; ആദം അയൂബിന്റെ വിശേഷങ്ങൾ
“ഒരു ടെസ്റ്റ് ബാറ്റ്സ്മാൻ ആയിരിക്കുക എന്നാൽ എല്ലാ അവസ്ഥകളെയും കൃത്യമായി മനസിലാക്കി കളിക്കാൻ സാധിക്കണം. വിദേശ ബാറ്റ്സ്മാൻമാർക്ക് ഏറെ ബുദ്ധിമുട്ടുള്ള പിച്ചുകളാണ് ഇന്ത്യയിലേത്. ഇന്ത്യയിലെ പിച്ചുകളിൽ വിജയിക്കുക എന്നത് ഓരോ വിദേശ ബാറ്റ്സ്മാൻമാർക്കും വലിയ വെല്ലുവിളിയാണ്,” സ്റ്റോക്സ് പറഞ്ഞു. “വെല്ലുവിളികൾ കളിയുടെ ഭാഗമാണ്. വെല്ലുവിളികളെ ഞങ്ങൾ ഇഷ്ടപ്പെടുന്നു,” താരം കൂട്ടിച്ചേർത്തു.