scorecardresearch

‘സോ സിമ്പിള്‍ ഡാ!’; ഉത്തപ്പയെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിനരികില്‍ സ്റ്റോക്‌സിന്റെ അഭ്യാസം

ഉത്തപ്പയുടെ ഷോട്ട് സ്‌റ്റോക്‌സ് ബൗണ്ടറി ലൈനിനരികില്‍ വച്ച് പിടിയിലൊതുക്കിയെങ്കിലും പിന്നോട് വീഴുമെന്നും ലൈനില്‍ തൊടുമെന്നും ബോധ്യപ്പെട്ട സ്റ്റോക്‌സ് പന്ത് മുകളിലേക്ക് എറിയുകയായിരുന്നു

‘സോ സിമ്പിള്‍ ഡാ!’; ഉത്തപ്പയെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിനരികില്‍ സ്റ്റോക്‌സിന്റെ അഭ്യാസം

ജയ്‌പൂര്‍: കൈയ്യിലുള്ള പണമൊക്കെ വാരിയെറിഞ്ഞാണ് രാജസ്ഥാന്‍ റോയല്‍സ് ബെന്‍ സ്‌റ്റോക്ക്‌സിനെ ടീമിലെത്തിച്ചത്. എന്നാല്‍ ടീമിന്റെ പ്രതീക്ഷകള്‍ക്ക് ഒത്തുയരാന്‍ സ്‌റ്റോക്‌സിന് സാധിച്ചിട്ടില്ല ഇതുവരേയും. എന്നു കരുതി തന്നെ അങ്ങനെയങ്ങ് എഴുതിതള്ളാന്‍ വരട്ടെ എന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരായ മൽസരത്തിനിടെ ഫീല്‍ഡിങ്ങിലെ പ്രകടനം കൊണ്ടാണ് സ്റ്റോക്‌സ് ആരാധകരുടെ കൈയ്യടി നേടിയത്. കൊല്‍ക്കത്തയുടെ ഓപ്പണിങ് താരം റോബിന്‍ ഉത്തപ്പയെ ബൗണ്ടറി ലൈനിനരികില്‍ വച്ച് ക്യാച്ച് ചെയ്താണ് ഇംഗ്ലീഷ് താരം പുറത്താക്കിയത്.

48 റണ്‍സുമായി നിലയുറപ്പിച്ച് ബാറ്റ് ചെയ്യുകയായിരുന്നു ഉത്തപ്പ അപ്പോള്‍. സിക്‌സെന്നുറച്ച ഉത്തപ്പയുടെ ഷോട്ട് ബൗണ്ടറി ലൈനിനരികില്‍ വച്ച് പിടിയിലൊതുക്കിയെങ്കിലും പിന്നോട്ട് വീഴുമെന്നും ലൈനില്‍ തൊടുമെന്നും ബോധ്യപ്പെട്ട സ്റ്റോക്‌സ് പന്ത് മുകളിലേക്ക് എറിയുകയായിരുന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ സ്‌റ്റോക്ക്‌സിന്റെ കാൽ ബൗണ്ടറി ലൈനില്‍ തട്ടിയെങ്കിലും പന്ത് അപ്പോഴേക്കും മുകളിലേക്ക് എറിഞ്ഞതുകൊണ്ട് വീണ്ടും അത് പിടിയിലൊതുക്കി ക്യാച്ച് പൂര്‍ത്തിയാക്കാന്‍ സ്റ്റോക്‌സിന് സാധിച്ചു. കളിയിലെ പെര്‍ഫെക്ട് ക്യാച്ചും ഇതായിരുന്നു.

അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ തട്ടകത്തില്‍ അനായാസമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മറികടന്നത്. ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത ഒരോവറും ഒരു പന്തും ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റേയും റോബിന്‍ ഉത്തപ്പയുടേയും ബാറ്റിങ്ങാണ് കൊല്‍ക്കത്തയെ അനായാസമായി വിജയതീരത്തെത്തിച്ചത്. മൽസരത്തിലുടനീളം ആധിപത്യം കൊല്‍ക്കത്തയ്ക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി നായകന്‍ അജിങ്ക്യ രഹാനെയും ഡാര്‍സി ഷോട്ടും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും ഇരുവരും പുറത്തായതോടെ രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് ഒതുങ്ങുകയായിരുന്നു.

19 പന്തില്‍ നിന്നും 35 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യമെങ്കില്‍ 42 പന്തില്‍ നിന്നും 44 റണ്‍സാണ് ഷോട്ട് എടുത്തത്. കൊല്‍ക്കത്തന്‍ താരങ്ങളുടെ ഫീല്‍ഡിങ് മികവിനും മൽസരം സാക്ഷിയായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍ സുനില്‍ നരെയ്ന്‍ 35 റണ്‍സും ഉത്തപ്പ 48 റണ്‍സുമെടുത്ത് മികച്ച തുടക്കം നല്‍കി. പിന്നാലെ എത്തിയ നായകന്‍ ദിനേശും യുവതാരം നിതീഷ് റാണയും ചേര്‍ന്ന് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. ദിനേശ് 42 റണ്‍സും റാണ 35 റണ്‍സും നേടി.

അതേസമയം, മലയാളി താരം സഞ്ജു സാംസണും കാര്യമായി സംഭാവന ചെയ്യാതെ മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയായി. 7 പന്തില്‍ 7 റണ്ണമായി നില്‍ക്കവേ ശിവം മവിയുടെ പന്തില്‍ കുല്‍ദീപിനു ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 44 റണ്ണെടുത്ത ഷോട്ട് ഫോമിലേക്ക് ഉയര്‍ന്നത് രാജസ്ഥാനു പ്രതീക്ഷ നല്‍കുന്നതാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ben stokes acrobatic catch to dismiss uthappa