ലോകകപ്പില്‍ നിന്ന് ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍ കാണാതെ അപ്രതീക്ഷിതമായി പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇഡന്‍ ഹസാര്‍ഡ്. 31 മത്തെ വയസിലാണ് ഹസാര്‍ഡ് വിരമിക്കുന്നത്. ലോകകപ്പിലെ ബെല്‍ജിയത്തിന്റെ അപ്രതീക്ഷിത തോല്‍വികള്‍ രാജ്യത്ത് വലിയ ആരാധക പ്രതിഷേധത്തിനിടയാക്കിരുന്നു.
14 വര്‍ഷത്തെ കരിയറില്‍ 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളാണ് ഇഡന്‍ ഹസാര്‍ഡ് സ്വന്തമാക്കിയത്. ബെല്‍ജിയം ഫുട്ബോളിനെ സുവര്‍ണ കാലത്തിലൂടെ നയിച്ചാണ് ഹസാര്‍ഡ് ബൂട്ടഴിക്കുന്നത്. റഷ്യയില്‍ നടന്ന 2018 ലോകകപ്പില്‍ ബെല്‍ജിയം സെമി ഫൈനലില്‍ കടന്നത് സൂപ്പര്‍ താരത്തിന്റെ നേതൃത്വത്തിലായിരുന്നു. എന്നാല്‍, ഇത്തവണ നിരാശാജനകമായ പ്രകടനമാണ് ബെല്‍ജിസം ഖത്തറില്‍ പുറത്തെടുത്തത്. ഗ്രൂപ്പ് എഫില്‍ മൊറോക്കോയ്ക്കും ക്രൊയേഷ്യയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനവുമായാണ് ടീം നാട്ടിലേക്ക് തിരിച്ചത്. ഇതിനു പിന്നാലെയാണ് സൂപ്പര്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
നാലാം വയസില്‍ നാട്ടിലെ റോയല്‍ സ്റ്റേഡ് ബ്രൈനോയ് എന്ന അക്കാദമിയിലൂടെ കളി ആരംഭിച്ച ഹസാര്‍ഡ് 16ആം വയസില്‍ ഫ്രഞ്ച് ക്ലബ് ലിലെയിലൂടെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചു. 2008 നവംബര്‍ 19 ന് ലക്‌സംബര്‍ഗിനെതിരെയാണ താരം ബെല്‍ജിയത്തിനായി അരങ്ങേറ്റം കുറിച്ചത്. ബെല്‍ജിയത്തിന്റെ അണ്ടര്‍ 15 മുതല്‍ 19 വരെ എല്ലാ ഏജ് ഗ്രൂപ്പിലും ഹസാര്‍ഡ് കളിച്ചു. ലീഗ് വണ്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യൂറോപ്പ ലീഗ്, ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് തുടങ്ങി പ്രധാന ടൂര്‍ണമെന്റുകളിലും താരത്തിന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു. 2012ല്‍ ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയിലെത്തിയ ഹസാര്‍ഡ് 2019 വരെ ടീമില്‍ നിര്‍ണായക താരമായി. ഈ കാലയളവിലാണ് ഹസാര്‍ഡ് മൈതാനത്ത് കളം നിറഞ്ഞത്, 245 മത്സരങ്ങളില്‍ നിന്ന് ഹസാര്‍ഡ് 85 ഗോളുകള്‍ നേടി.